ദില്ലി: പരിക്കു മൂലം വിഷമിക്കുന്ന ഇന്ത്യന്‍ യുവ ഫാസ്റ് ബൗളര്‍മാരായ സഹീര്‍ ഖാനും ആശിഷ് നെഹ്റയ്ക്കും ഇടങ്കയ്യന്‍ പാകിസ്ഥാന്‍ ഫാസ്റ് ബൗളര്‍ വസീം അക്രമിന്റെ സഹായവാഗ്ദാനം. പാകിസ്ഥാനില്‍ വരികയോ തന്നോട് ഫോണില്‍ സംസാരിക്കുകയോ ചെയ്താല്‍ അവര്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇടങ്കയ്യന്‍ ഫാസ്റ് ബൗളര്‍മാരായ നെഹ്റയും സഹീറും പരിക്ക് കാരണം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് പുറത്തായിരുന്നു. നെഹ്റ ശ്രീലങ്കയില്‍ നടന്ന പരമ്പരയിലും കളിച്ചിരുന്നില്ല. നെഹ്റയ്ക്ക് അടിവയറ്റിലും സഹീറിന് കണങ്കാലിലുമാണ് പരിക്ക് അലട്ടുന്നത്.
തനിക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും അന്ന് ഇംറാന്‍ ഖാന്‍ തന്റെ സഹായത്തിനെത്തിയതിനാല്‍ അതില്‍ നിന്ന് മുക്തിനേടാന്‍ സഹായിച്ചുവെന്നും അക്രം ചൂണ്ടിക്കാണിച്ചു. ഈ പരിക്കില്‍ പേടിക്കാനൊന്നുമില്ലെന്നും 17-25 വയസ്സുവരെ ഇത്തരം പരിക്കുകള്‍ ഫാസ്റ് ബൗളര്‍മാരെ പിടികൂടുക സാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നെഹ്റയും സഹീറും ചെറുപ്പക്കാരാണ്. ഇക്കാലത്ത് മസിലുകളും മുതുകും വയറും മുഴുവനായി വികസിച്ചിട്ടുണ്ടാവില്ല. ഇവയില്‍ ഉണ്ടാകുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ വേദനയ്ക്ക് കാരണമാകും - അക്രം പറഞ്ഞു.
മസിലുകള്‍ ശക്തിപ്പെടുത്താന്‍ ഇരുകളിക്കാരും ശ്രമിക്കണമെന്ന് പറഞ്ഞ അക്രം സഹീറിന് പരിക്കേറ്റത് സിംബാബ്വെയിലും ശ്രീലങ്കയിലും ശരിയായ പാദരക്ഷ ഉപയോഗിക്കാത്തതുകൊണ്ടാണെന്നും ചൂണ്ടിക്കാട്ടി. ചെറുപ്പകാലത്ത് ശരിയായ കായിക പരിശീലനം ലഭിക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുളള പരിക്കുകള്‍ കളിക്കാര്‍ക്ക് നേരിടുന്നതെന്നും അക്രം കൂട്ടിച്ചേര്‍ത്തു.