ദില്ലി: ബിസിസിഐ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷണര്‍ കെ. മാധവന്‍ മുന്‍ ടെസ്റ് താരം അജയ് ശര്‍മ്മയെ ക്രിക്കറ്റ് കോഴവിവാദവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ ഏകദേശം നാലു മണിക്കൂറോളം നീണ്ടു നിന്നു.
ഇതോടെ സിബിഐ കുറ്റക്കാരെന്ന് ചൂണ്ടിക്കാണിച്ച എല്ലാവരെയും മാധവന്‍ കമ്മീഷന്‍ ചോദ്യം ചെയ്തു കഴിഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീന്‍, മനോജ് പ്രഭാകര്‍, അജയ് ജഡേജ, നയന്‍ മോംഗിയ, അലി ഇറാനി തുടങ്ങിയവരെ കമ്മീഷന്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു.
അന്വേഷണ റിപ്പോര്‍ട്ട് നവംബര്‍ 25 ശനിയാഴ്ച ബോര്‍ഡിന് സമര്‍പ്പിക്കുമെന്ന് പിന്നീട് മാധവന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.
അജയ് ശര്‍മ്മയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ മാധവന്‍ വിസമ്മതിച്ചു. അദ്ദേഹം (അജയ് ശര്‍മ്മ) എന്തു പറഞ്ഞുവെന്നോ അദ്ദേഹത്തോട് ഞാന്‍ എന്തു ചോദിച്ചുവെന്നോ ഞാന്‍ നിങ്ങളോട് പറയില്ല എന്നായിരുന്നു മാധവന്റെ പ്രതികരണം.
തന്റെ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനു മുമ്പ് സിബിഐ റിപ്പോര്‍ട്ടും ചന്ദ്രചൂഡ് റിപ്പോര്‍ട്ടും കളിക്കാരുടെ മൊഴികളും പഠന വിധേയമാക്കുമെന്ന് മാധവന്‍ അറിയിച്ചു. അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ലെന്നും വേണ്ടി വന്നാല്‍ കപില്‍ദേവുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യാനായി വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മാധവന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് നവംബര്‍ 29 ബുധനാഴ്ച കൂടുന്ന ബിസിസിഐ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ മാധവന്‍ ബിസിസിഐ യോഗത്തില്‍ പങ്കു കൊള്ളുകയും ചെയ്യും.
സിബിഐ കുറ്റക്കാരായി കണ്ടെത്തിയ കളിക്കാര്‍ക്കെതിരെ എന്തു ശിക്ഷാ നടപടികള്‍ എടുക്കണമെന്നും അന്നത്തെ യോഗത്തില്‍ തീരുമാനിക്കാനിടയുണ്ട്. ഇതിനകം തന്നെ ഈ കളിക്കാര്‍ക്ക് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 12 ഞായറാഴ്ചയാണ് മാധവന്‍ കമ്മീഷന്‍ ആദ്യമായി മൊഴിയെടുത്തത്. അന്ന് പക്ഷെ മുഹമ്മദ് അസ്ഹറുദ്ദീനും അജയ് ശര്‍മ്മയും ഹാജരായിരുന്നില്ല. സിബിഐ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് കിട്ടിയില്ലെന്ന് പറഞ്ഞ് അസ്ഹറുദ്ദീനും ശരീരത്തിന് സുഖമില്ലെന്ന് പറഞ്ഞ് ശര്‍മ്മയും ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. പിന്നീട് നവംബര്‍ 16 വ്യാഴാഴ്ച ഹൈദരാബാദില്‍ വെച്ച് അസ്ഹര്‍ കമ്മീഷന്റെ മുമ്പില്‍ ഹാജരായി.