പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി തുടരുന്നു. പുരുഷ വിഭാഗത്തിലെ ഒന്നാം സീഡും ഇപ്പോഴത്തെ ചാമ്പ്യനുമായ ആന്ദ്രെ അഗാസിയാണ് ടൂര്‍ണമെന്റിന്റെ മൂന്നാം ദിവസം കയ്പു നീര്‍ കുടിച്ചത്. സീഡ് ചെയ്യപ്പെടാത്ത താരം കരോള്‍ കുസേറയാണ് 2-6, 7-5, 6-1, 6-0 എന്ന സ്കോറിനാണ് ഈ ഒന്നാം നമ്പര്‍ താരത്തെ രണ്ടാം റൗണ്ടില്‍ത്തന്നെ അടിയറവു പറയിച്ചത്.
നേരത്തെ പുരുഷ-വനിതാ വിഭാഗങ്ങളിലെ രണ്ടാം സീഡുകാരായിരുന്ന പീറ്റ് സാംപ്രാസും ലിന്‍ഡ്സെ ഡാവന്‍പോര്‍ട്ടും ഒന്നാംറൗണ്ടില്‍ത്തന്നെ പുറത്തായിരുന്നു.
കുസേറയുടെ സെര്‍വുകള്‍ ഭേദിച്ച് ആദ്യസെറ്റ് എളുപ്പത്തില്‍ നേടിയ അഗാസിക്ക് പിന്നീടുള്ള സെറ്റുകളില്‍ ചുവടു പിഴച്ചു. രണ്ടാം സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയ കുസേറ നിര്‍ണായക ഘട്ടത്തില്‍ സെര്‍വു ഭേദിച്ച് 7-5-ന് സെറ്റ് കൈക്കലാക്കി.
പിന്നീട് മനസ്സാന്നിധ്യം നഷ്ടപ്പെട്ട പോലെയായിരുന്നു അഗാസിയുടെ കളി. പിന്നീടു നടന്ന രണ്ടു സെറ്റുകളില്‍ വെറും ഒരു ഗെയിം മാത്രമേ അദ്ദേഹത്തിന് നേടാനായുള്ളൂ. മൂന്നാം സെറ്റ് 6-1-നും നാലാം സെറ്റ് 6-0-ത്തിനും നിമിഷത്തിനുള്ളില്‍ കൈക്കലാക്കിയ കുസേറ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ചു.
അഗാസിയുടെയും സാംപ്രാസിന്റെയും തോല്‍വിയോടെ കിരീട സാധ്യത കല്‍പിക്കപ്പെടുന്ന മൂന്നാം സീഡ് മാഗ്നസ് നോര്‍മന്‍ തന്റെ ജൈത്രയാത്ര തുടരുന്നു. വ്യാഴാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഫ്രാന്‍സിന്റെ ഫാബ്രിസ് സാന്തോറോയെ 6-1, 6-4, 6-2 എന്ന സ്കോറിനാണ് നോര്‍മന്‍ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ആറാം സീഡായ സെഡ്രിക് പിയോലിന്‍ 7-6, 6-3, 6-4 എന്ന സ്കോറിന് പാട്രിക്ക് റാഫ്റ്ററെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു.