ദില്ലി: ഇന്ത്യയില്‍ നടത്താനിരുന്ന ആഫ്രോ ഏഷ്യന്‍ ഗെയിംസ് മാറ്റിവെക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. സപ്തംബര്‍ 24 തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചയാണുണ്ടായത്. ഗെയിംസ് ഇനി എന്നു നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല.
അമേരിക്കയിലെ തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്ന് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയാണ് ഗെയിംസ് മാറ്റിവക്കാന്‍ കാരണമായി പറയുന്നത്.
എന്നാല്‍ ഗെയിംസ് മാറ്റിവച്ചതോടെ കന്ദ്ര സ്പോര്‍ട്സ് മന്ത്രാലയവും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും തമ്മിലുള്ള ഉരസല്‍ വര്‍ദ്ധിക്കുമെന്ന് കരുതുന്നു. ഗെയിംസ് ഇന്ത്യയില്‍ നടത്തുന്നതില്‍ കേന്ദ്ര സ്പോര്‍ട്സ് മന്ത്രി ഉമാഭാരതിക്ക് താല്പര്യമില്ലെന്ന് നേരത്തെ അസോസിയേഷന്‍ ആരോപിച്ചിരുന്നു.
ഗെയിംസില്‍ 95 രാഷ്ട്രങ്ങളും എട്ട് അന്താരാഷ്ട്ര സ്പോര്‍ട്സ് ഫെഡറേഷനും പങ്കെടുക്കുന്നുണ്ട്. ഒരു സുപ്രഭാതത്തില്‍ വിളിച്ചുണര്‍ത്തി ഗെയിംസ് മാറ്റിവച്ചു എന്ന് പറയാനാവില്ല. യഥാര്‍ത്ഥ സ്ഥിതി പ്രധാനമന്ത്രി അറിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല. അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ഇത്തരമൊരു തീരുമാനത്തിന് കൂട്ടുനില്‍ക്കുമായിരുന്നില്ല, ആഫ്രോ ഏഷ്യന്‍ ഗെയിംസ് സംഘാടകസമിതി ജനറല്‍ സെക്രട്ടറി രണ്‍ധീര്‍ സിംഹ് പറയുന്നു.
ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ ഗെയിംസിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നുവരികയായിരുന്നുവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ഉടന്‍ തന്നെ ഒരു ധാരണയുണ്ടാകുമെന്ന് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു.