ദില്ലി: വരാനിരിക്കുന്ന ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം. ജര്‍മനിയിലെ സ്റ്റുട്ട്ഗര്‍ട്ടില്‍ ഒക്ടോബര്‍ 4ന് ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യന്‍ താരങ്ങളെയാണ് പ്രഖ്യാപിച്ചത്. 30 പുരുഷ വനിതാ താരങ്ങളില്‍നിന്നാണ് ആറു പേര്‍ക്ക് അവസരം ലഭിച്ചത്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ജിംനാസ്റ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകളില്‍നിന്നുള്ളവര്‍ ചേര്‍ന്ന് ആറുപേരുടെ പട്ടിക തയ്യാറാക്കുകയായിരുന്നു.
ആഷിഷ് കുമാര്‍, യോഗേശ്വര്‍ സിങ്, ആദിത്യ സിങ് റാണ എന്നിവരാണ് പുരുഷ താരങ്ങള്‍. പ്രണിതി നായക്, പ്രണിതി ദാസ്, അരുണ ബുദ്ധ റെഡ്ഡി എന്നിവര്‍ വനിതാ വിഭാഗത്തിലും പങ്കെടുക്കും. മനോജ് റാണയാണ് പുരുഷ ടീമിന്റെ പരിശീലകന്. മീണാറ ബീഗം വനിതാ വിഭാഗത്തെയും പരിശീലിപ്പിക്കും. ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു സെലക്ഷന് ട്രയല്‍.
ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: പ്രീക്വാര്‍ട്ടറില്‍ വിനേഷ് ഫോഗട്ടിന് തോല്‍വി, കിരീട മോഹം അവസാനിച്ചു
കഴിഞ്ഞ ഒളിമ്പിക്സില്‍ നാലാം സ്ഥാനം നേടിയ ഇന്ത്യയുടെ ദിപ കര്‍മാകര്‍ ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പിനില്ല. ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലായ ദിപ അടുത്ത ഒളിമ്പിക്സിന് മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ജിംനാസ്റ്റിക്സില്‍ ഇന്ത്യയ്ക്ക് മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത താരമാണ് ദിപ. ദിപയുടെ വഴിയെ യുവതാരങ്ങള്‍ക്ക് ലോക ചാമ്പ്യന്‍ഷിപ്പില്‍ വീറുറ്റ പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ.