ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ മെഡല്‍ വേട്ട തുടരുന്നു. ഗെയിംസിന്റെ എട്ടാംദിനം ഇന്ത്യയ്ക്കുവേണ്ടി ഡിസ്കസ് താരം സീമ പൂണിയ വെള്ളി നേടി. ഇതേ ഇനത്തില്‍ നവജീത് ധില്ലന് വെങ്കലവും നേടി.
ഫൈനലില്‍ സീമ 60.41 മീറ്റര്‍ ദൂരം ഡിസ്കസ് പായിച്ചാണ് സീമ വെള്ളി നേടിയത്. വെങ്കലം നേടിയ നവജീത് 57.43 മീറ്റര്‍ ദൂരം കണ്ടെത്തി. അതേസമയം, സീമയുടെ മികച്ച ദൂരം കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഏഴു മെഡലുകളാണ് ഗെയിംസിന്റെ എട്ടാംദിനം മാത്രം ഇന്ത്യയ്ക്ക് ലഭിച്ചത്.
ഇന്ത്യയുടെ ഗുസ്തി താരങ്ങള്‍ മാത്രം നാല് മെഡലുകള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചു. സൂപ്പര്‍ താരം സുശീല്‍ കുമാര്‍ അനായാസേന സ്വര്‍ണം നേടിയപ്പോള്‍ രാഹുല്‍ അവാരെയും മറ്റൊരു സ്വര്‍ണം സമ്മാനിച്ചു. ബബിതാ കുമാരി ഫോഗട്ടും കിരണും യഥാക്രമം വെള്ളിയും വെങ്കലവും നേടി. ഷൂട്ടര്‍ തേജസ്വിനി യാദവും ഇന്ത്യയ്ക്കായി വെള്ളി നേടിയിരുന്നു.
അതിനിടെ വനിതാ ഹോക്കിയില്‍ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയോട് ഒരു ഗോളിന് തോറ്റു. ഗെയിംസില്‍ ഇന്ത്യ ആകെ 31 മെഡലുകള്‍ നേടി. 14 സ്വര്‍ണം, ഏഴ് വെള്ളി, 10 വെങ്കലം എന്നിങ്ങനെ മെഡല്‍ നിലയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.