ലോകകപ്പ് പഴയ ലോകകപ്പാണെങ്കിലും ഇന്ത്യയുടെയും പാകിസ്താന്റെയും ടീമുകള്‍ പഴയ ടീമുകളല്ല. പ്രത്യേകിച്ചും പാകിസ്താന്റെ ബൗളിംഗ്് നിര. ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസും വസിം അക്രമും ഷോയിബ് അക്തറും തീ തുപ്പിയ ഫാസ്റ്റ് ബൗളിംഗൊക്കെ ഇപ്പോള്‍ പാകിസ്താന്റെ ഓര്‍മകളിലേയുള്ളൂ. സ്പിന്നാണ് ഇപ്പോള്‍ പാക് ബൗളിംഗിന്റെ നട്ടെല്ല്. അതില്‍ തന്നെ സയീദ് അജ്മല്‍ ആണ് പ്രധാനി.
കൈമടക്കി എറിയുന്നു എന്നാരോപിച്ച് വിലക്കിയിട്ടും അജ്മലിനെ പാകിസ്താന്‍ ലോകകപ്പിനുള്ള സാധ്യതാ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന 15 ല്‍ പാകിസ്താന്‍ ഉണ്ടായിരുന്നില്ല. ലോകകപ്പിന് വെറും ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ അജ്മലിന്റെ വിലക്ക് ഐ സി സി പിന്‍വലിച്ചു. ഏതെങ്കിലും താരത്തിന് പരിക്കേറ്റാല്‍ അജ്മലിന് ലോകകപ്പ് കളിക്കാം.

നിലവില്‍ ഏകദിനത്തിലെ ഒന്നാം നമ്പര്‍ ബൗളറാണ് അജ്മല്‍. കഴിഞ്ഞ സെപ്തംബറിലാണ് അജ്മമിലെ പന്തെറിയുന്നതില്‍ നിന്നും ഐ സി സി വിലക്കിയത്. വിലക്ക് നീങ്ങിയ അജ്മല്‍ ലോകകപ്പ് കളിക്കാനെത്തുമോ എന്നാണ് ഇപ്പോള്‍ ഏവരും ഉറ്റുനോക്കുന്നത്. അജ്മല്‍ ടീമിലുണ്ടെങ്കില്‍ ഇന്ത്യ ഏറ്റവും പേടിക്കേണ്ടി വരുന്നതും ഈ ഓഫ് സ്പിന്നറെ തന്നെയാകും.
എന്നാല്‍ വിലക്ക് നീങ്ങിയെങ്കിലും അജ്മലിനെ അംപയര്‍മാര്‍ക്ക് ഇപ്പോഴും നോബോള്‍ വിളിക്കാം. റിപ്പോര്‍ട്ടും ചെയ്യാം. അത് കൊണ്ട് തന്നെ പഴയ മൂര്‍ച്ച അജ്മലിന്റെ ബൗളിംഗിന് ഉണ്ടാകില്ല എന്ന് കരുതുന്നവരുമുണ്ട്. ഫെബ്രുവരി 15 നാണ് ഇന്ത്യ - പാകിസ്താന്‍ മത്സരം. 2015 ലോകകപ്പില്‍ ഇരുടീമുകളുടെയും ആദ്യ കളിയാണിത്.