റിയോ: ഒളിംപിക്സ് ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിംഗ് യാദവിന്റെ സാധ്യത മങ്ങുന്നു. ഉത്തേജക മരുന്നു പരിശോധനയില്‍ പിടിക്കപ്പെട്ട നര്‍സിംഗിനെ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി നാഡ കുറ്റവിമുക്തനാക്കിയതിനെതിരെ ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) അപ്പീല്‍ നല്‍കിയതോടെയാണിത്.
കായിക തര്‍ക്ക പരിഹാര കോടതിയിലാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. നാഡയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും നര്‍സിംഗ് ഉത്തേജന മരുന്ന് പരിശോധനയ്ക്ക് ഹാജരാകണമെന്നുമാണ് വാഡയുടെ നിര്‍ദ്ദേശം. വെള്ളിയാഴ്ച ആദ്യ പോരാട്ടത്തിന് ഒരുങ്ങുന്ന നര്‍സിംഗ് യാദവ് വ്യാഴാഴ്ച വാഡയ്ക്ക് മുന്‍പാകെ ഹാജരാകണം.
വാഡയുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെങ്കില്‍ നര്‍സിംഗ് മെഡല്‍ നേടിയാലും ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഫ്രീസ്റ്റൈല്‍ 74 കിലോഗ്രാം വിഭാഗത്തിലാണ് നര്‍സിംഗ് യാദവ് മത്സരിക്കുന്നത്. ഈ ഇനത്തില്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയാണ് നര്‍സിംഗ് ഒളിംപിക്സ് യോഗ്യത നേടിയത്.
അടുത്തിടെ നാഡ നടത്തിയ പരിശോധനയില്‍ പിടിക്കപ്പെട്ടെങ്കിലും ഓഗസ്ത് 2ന് ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി നര്‍സിംഗ് യാദവിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് അദ്ദേഹത്തിന് റിയോയിലേക്ക് പോകാന്‍ അവസരം നല്‍കിയത്.