റിയോ: ജര്‍മനിക്കെതിരെ മികച്ച പ്രകടനം കെട്ടഴിച്ച ഇന്ത്യന്‍ ഹോക്കി ടീം സമാനമായ ഫോമില്‍ അര്‍ജന്റീനയ്‌ക്കെതിരെ പോരാടിയപ്പോള്‍ 2-1 എന്ന സ്‌കോറിന്റെ വിജയം. 2009ന് ശേഷം അര്‍ജന്റീനയ്‌ക്കെതിരെ ഒരു മത്സരത്തില്‍പോലും ജയിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനത്തിന്റെ മികവിലാണ് രണ്ടാം ജയം ഉറപ്പിച്ചത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇന്ത്യന്‍ ടീം ആക്രമിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ അര്‍ജന്റീന പാടുപെട്ടു. ഇതിന്റെ ഫലമെന്നോണം എട്ടാം മിനിറ്റില്‍ തന്നെ കങ്കുജ് ഇന്ത്യയെ ഒരു ഗോളിന് മുന്നിലെത്തിച്ചു. പെനാല്‍റ്റി കോര്‍ണറില്‍ നിന്നും രൂപീന്ദര്‍ നല്‍കിയ പാസ് തകര്‍പ്പന്‍ ഷോട്ടിലൂടെ കങ്കുജ് ഗോള്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. ഗോള്‍ നേടിയശേഷവും കളിയില്‍ ആധിപത്യം നേടിയത് ഇന്ത്യയായിരുന്നു.

അര്‍ജന്റീനയുടെ മിന്നലാക്രണങ്ങള്‍ പലപ്പോഴും ഇന്ത്യന്‍ പ്രതിരോധത്തിലും ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ രക്ഷപ്പെടുത്തലിലും അവസാനിച്ചതോടെ ഇന്ത്യ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടുനിന്നു. മൂന്നാം ക്വാര്‍ട്ടറില്‍ കോദജിത്തിലൂടെ ഇന്ത്യ വീണ്ടും അര്‍ജന്റീനയെ ഞെട്ടിച്ചു.
പ്രത്യാക്രമണം നടത്തിയ അര്‍ജന്റീന 49ാം മിനിറ്റിലാണ് ഗോള്‍ തിരിച്ചടിക്കുന്നത്. ഗോള്‍ തിരിച്ചടിച്ചതോടെ ഏതുനിമിഷവും അര്‍ജന്റീന സമനില നേടിയേക്കുമെന്ന് തോന്നിച്ചു. തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ നേടിയെങ്കിലും ഇന്ത്യ ഗോള്‍കീപ്പര്‍ ശ്രീജേഷിനെ മറികടക്കാന്‍ അര്‍ജന്റീനയ്ക്കായില്ല. മത്സരത്തിലെ 53 ാം മിനിറ്റില്‍ മാത്രം അടുപ്പിച്ച് അഞ്ച് പെനാല്‍റ്റി കോര്‍ണറുകളാണ് ശ്രീജേഷ് തടഞ്ഞിട്ടത്. ഹോക്കിയില്‍ രണ്ടു മത്സരം ജയിച്ചതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയിട്ടുണ്ട്.