റിയോ ഡി ജനീറോ: അമേരിക്കന്‍ സ്വര്‍ണ്ണനേട്ടത്തിലേക്ക് മൈക്കല്‍ ഫെല്‍പ്പ്‌സിന്റെ മെഡലും. പുരുഷന്മാരുടെ 4X 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ മത്സരിച്ച ഫെല്‍പ്പസിന്റെ കരിയറിലെ 19ാം സ്വര്‍ണ്ണമാണ് റിയോയിലേത്. 3:09.92 സെക്കന്റിലാണ് ഫെല്‍പ്പ്‌സ് ഉള്‍പ്പെട്ട ടീം ഫിനിഷ് ചെയ്തത്. റയാന്‍ ഹെല്‍ഡ്, നതാന്‍ ആന്‍ഡ്രിന്‍, കാലെബ് ഡ്രെസ്സല്‍ എന്നിവരാണ് ഫെല്‍പ്പ്‌സിന് പുറമേ ടീമിലുണ്ടായിരുന്നത്. 3:10.53 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഫ്രാന്‍സ് ടീം വെള്ളിയും 3: 11, 37 സെക്കന്റില്‍ ഫിനിഷ് ചെ്ത ആസ്‌ട്രേലിയന്‍ ടീം വെങ്കലവും നേടി.
19 സ്വര്‍ണ്ണമുള്‍പ്പെടെ 23 മെഡലുകളാണ് ഒളിംപിക്‌സില്‍ ഫെല്‍പ്പ്‌സ് നീന്തി നേടിയത്. 31കാരനായ ഫെല്‍പ്പ്‌സിന്റെ അഞ്ചാമത്തെ ഒളിംപിക്‌സാണ് റിയോയിലേത്. 2000ല്‍ സിഡ്‌നി ഒളിംപിക്‌സില്‍ അരങ്ങേറ്റം കുറിച്ച താരം ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ നീന്തല്‍ താരമെന്ന ബഹുമതിക്ക് അര്‍ഹനായിരുന്നു. നീന്തലിലെ പരമ്പരാഗത എതിരാളികളായ ഫ്രാന്‍സും അമേരിക്കയും തമ്മിലുള്ള മത്സരത്തിനാണ് റിയോയും സാക്ഷ്യം വഹിച്ചത്.

2012 ഗെയിംസോടെ കായിക രംഗത്തുനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച താരം 2013ലെ വേള്‍ഡ് ഗെയിംസില്‍ 4X 100 മീറ്റര്‍ പുരുഷന്മാരുടെ റിലേയില്‍ ഫ്രാന്‍സിനെതിരെ പോരാടി പരാജയം നേരിട്ടതോടെ തിരിച്ചുവരികയായിരുന്നു.