മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത കഥ പറയുന്ന അസ്ഹര്‍ എന്ന സിനിമയെ ചുറ്റിപ്പറ്റി വീണ്ടും വിവാദം. മുന്‍ ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ രവി ശാസ്ത്രിയാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. സിനിമയില്‍ രവി ശാസ്ത്രിയെ ഒരു പെണ്ണുപിടിയനായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ആരോപണം. വിദേശ പര്യടനത്തിനിടെ രവി എന്ന ഈ കഥാപാത്രം ഭാര്യയെ ഉപേക്ഷിക്കുന്നതായും സിനിമയില്‍ പറയുന്നുണ്ടത്രെ.
ബോളിവുഡ് താരമായ ഇമ്രാന്‍ ഹാഷ്മിയാണ് അസ്ഹറുദ്ദീന്റെ വേഷം അഭിനയിക്കുന്നത്. ടി വി താരമായ ഗൗതം ഗുലാട്ടി രവി ശാസ്ത്രിയെ ഓര്‍മിപ്പിക്കുന്ന വേഷത്തില്‍ അഭിനയിക്കുന്നു. രവി എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. രവി ശാസ്ത്രിയാണ് ഈ കഥാപാത്രം എന്ന് എവിടെയും പറയുന്നില്ല. എന്നാല്‍ രവി ശാസ്ത്രിയെ ആണ് ഉദ്ദേശിച്ചിരിക്കുന്നത് എന്നത് വ്യക്തമാണ്.

രവി ശാസ്ത്രിയെ പോലെ തന്നെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് രവിയും. നവ്‌ജ്യോത്, മനോജ്, കപില്‍ എന്നിങ്ങനെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ പേരുകള്‍. ആരൊക്കെയാണ് ഈ നാല് പേര്‍ എന്ന് ക്രിക്കറ്റ് ആരാധകര്‍ക്ക് അനായാസം മനസിലാകും. മനോജ് പ്രഭാകര്‍ ഈ ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. സംഗീത ബിജ്‌ലാനിക്കും തന്റെ പേര് ഉപയോഗിച്ചിരിക്കുന്നതില്‍ അതൃപ്തിയുണ്ട്.