വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിമര്‍ശനങ്ങള്‍ സഹിക്കവയ്യ... പിടി ഉഷ കായികരംഗം തന്നെ ഉപേക്ഷിക്കുന്നു?

By ഷാ ആലം

കോഴിക്കോട്: വിവാദങ്ങളില്‍ മനംനൊന്ത് പിടി ഉഷ കായികരംഗം വിട്ടേക്കുമെന്ന് സൂചന. ഏതാനും മാസങ്ങളായി തുടരുന്ന വിവാദങ്ങള്‍ റിയോ ഒളിംപിക്‌സിനുശേഷം രൂക്ഷമായതോടെയാണ് ഉഷ കായികരംഗം വിടുന്നതിനെക്കുറിച്ച് സൂചന നല്‍കിയത്. തന്റെ അടുത്ത സുഹൃത്തുക്കളില്‍ ചിലരോട് ഇതുസംബന്ധിച്ച് അവര്‍ സംസാരിച്ചു കഴിഞ്ഞു.

ഉഷയും രാജ്യവും ഏറെ പ്രതീക്ഷിച്ച വച്ചുപുലര്‍ത്തിയ ടിന്റു ലൂക്ക 800 മീറ്ററില്‍ സെമി ഫൈനല്‍ പോലും കാണാതെ പുറത്തായ സാഹചര്യത്തിലാണ് വിവാദങ്ങള്‍ കൊടുന്പിരിക്കൊണ്ടത്. ഉഷ ടിന്റുവിനെ തന്റെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നതായിരുന്നു പ്രധാന വിമര്‍ശനം. പല തവണ പരീക്ഷിച്ചു പരാജയപ്പെട്ട തന്ത്രങ്ങള്‍ തന്നെ വീണ്ടും പരീക്ഷിച്ച് ഉഷ കൂടുതല്‍ കൂടുതല്‍ തോല്‍വിനേടി സായൂജ്യമടയുകയാണ് എന്ന് പോലും ആക്ഷേപം ഉയര്‍ന്നു. പരിശീലക എന്ന നിലയില്‍ ഉഷയുടെ അടിസ്ഥാന സമീപനങ്ങളെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു വിമര്‍ശനങ്ങള്‍. ഇതോടൊപ്പം ടിന്റുവിന്റെ ബന്ധുക്കളുടെ പ്രതികരണങ്ങളും പ്രതിഷേധങ്ങളും കൂടി പുറത്തെത്തിയതോടെ ഉഷ മനംമടുത്ത നിലയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

PT Usha

ഉഷയും ഭര്‍ത്താവ് ശ്രീനിവാസനും ചേര്‍ന്ന് കോഴിക്കോട് കിനാലൂരില്‍ സ്ഥാപിച്ച ഉഷാ സ്‌കൂളിനെ ഒരു കറവപ്പശുവായി ഉപയോഗിക്കുന്നു എന്ന വിമര്‍ശനമാണ് വ്യാപകമായിട്ടുള്ളത്. പൊതു-സ്വകാര്യ ഫണ്ടുകള്‍ ധാരാളം വരുന്നുണ്ട്. എന്നാല്‍, അതിനുള്ള ഫലം ഉണ്ടാവുന്നില്ല. ഫണ്ടുകള്‍ കിട്ടുന്നത് കായിക മേഖലയുടെ പുരോഗതിക്കായി ഉപയോഗിക്കുന്നില്ല, പലതും സ്വന്തം പേരിലേയ്ക്കു മാറ്റുന്നു തുടങ്ങിയവയാണ് ഉഷയ്ക്കെതിരെയുള്ള മറ്റ് ആരോപണങ്ങള്‍.

ഉഷയ്ക്ക് സ്ഥലവും വീടും സ്വന്തമായി ഉണ്ടായിരിക്കെ മാസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് വെസ്റ്റ് ഹില്ലിലെ സര്‍ക്കാര്‍ ഭൂമി അവര്‍ക്കു പതിച്ചു നല്‍കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരില്‍നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തീരുമാനം ത്രിശങ്കുവിലായി. ഉഷാ സ്‌കൂളിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ധാരാളം സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്നു. മെഡലിന്റെ നാലയലത്തുപോലും തൊടാതെ ടിന്റു പുറത്തായതോടെ വിമര്‍ശനങ്ങള്‍ക്ക് എങ്ങനെ മറുപടി നല്‍കണമെന്നു പറയാന്‍ കഴിയാതെ ഉഴലുകയാണ് ഉഷയും സഹപ്രവര്‍ത്തകരും.

PT Usha

ഒന്നു നിവര്‍ന്നുനില്‍ക്കാന്‍പോലും കഴിയാത്തവിധം ടിന്റുവിനെ ഉഷ പരിശീലനത്തിന്റെ പേരില്‍ കൊണ്ടുനടക്കുകയാണെന്നും ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും വരെ ആക്ഷേപങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. ടിന്റുവിന്റെ ആജീവനാന്ത പരിശീലക എന്ന നിലയിലുള്ള ഉഷയുടെ സമീപനവും വിമര്‍ശനവിധേയമായിട്ടുണ്ട്.

മത്സരങ്ങളില്‍ പലതവണ പരാജയപ്പെട്ടിട്ടും ഉഷതന്നെ പരിശീലകയായി തുടരുന്നു. ഒരു വിദേശ പരിശീലകനോ ഉഷയില്‍ നിന്ന് വ്യത്യസ്തമായ സമീപനമുള്ള മറ്റൊരു പരിശീലകനോ ടിന്‍റുവിന് ലഭിക്കുന്നില്ല. ഗെയിം പ്ലാന്‍ പോലും മാറ്റാന്‍ തയ്യാറാവുന്നില്ല. തോല്‍ക്കുമ്പോഴൊക്കെ അസുഖം, അന്തരീക്ഷം, വിദേശ ട്രാക്ക് തുടങ്ങിയ ന്യായങ്ങള്‍ പറയുന്നു. എല്ലാം ജനം കേട്ടു, ഒളിംപിക്‌സ് മെഡലിനുവേണ്ടി. അത് ഒന്നുമാവാതെ തെന്നിയകന്നതോടെ ടിന്റിവന്റെ അടുത്ത ബന്ധുക്കള്‍വരെ ഉഷയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ടിന്റുവിന് ലഭിക്കുന്ന ഫണ്ടുകള്‍ ഉള്‍പ്പെടെ ഉഷ സ്‌കൂള്‍ സ്വന്തമാക്കുന്നുവെന്ന ഗുരുതര ആരോപണങ്ങളാണ് അവര്‍ ഉന്നയിച്ചത്.

Tintu Luka

തലങ്ങും വിലങ്ങും വിമര്‍ശനങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ഉഷ കായികരംഗംതന്നെ വിട്ടേക്കുമെന്ന സൂചനകള്‍ നല്‍കിയത്. ഒളിംപിക്‌സിന്റെ പേരിലോ കായിക മേഖലയുടെ പേരിലോ ഒരു ഫണ്ടും താന്‍ സ്വന്തമാക്കിയിട്ടില്ലെന്ന് ഉഷ പറയുന്നു. ഒളിംപിക്‌സിന് പോവാന്‍ ടിന്റുവിനും ജിസ്‌നയ്ക്കുമായി 30 ലക്ഷം വീതം നല്‍കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, ആകെ ലഭിച്ചത് 49,800ഉം 47,900വും രൂപ മാത്രമാണ്. റിയോയിലേയ്ക്കു പോയതിന്റെ മുന്നൊരുക്കങ്ങള്‍ക്കു മാത്രമായി കേന്ദ്രസര്‍ക്കാര്‍ ഇനിയും 2,89,000 രൂപ നല്‍കാനുണ്ടെന്നും ഉഷ പറയുന്നു.

മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ പിടി ഉഷ തയ്യാറല്ല എന്നതാണ് മറ്റൊരു വസ്തുത. ഭര്‍ത്താവ് ശ്രീനിവാസന്‍ മാത്രമാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. അദ്ദേഹമാണെങ്കില്‍ ഉഷ ഇപ്പോഴും ലോകത്തിലെ ഒന്നാം നമ്പര്‍ അത്‌ലറ്റാണെന്ന വിശ്വാസത്തിലാണ് മാധ്യമങ്ങളോട് സംസാരിക്കുന്നത്. ഇപ്പോഴത്തെ കാറും കോളുമടങ്ങിയാല്‍ ഉഷ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്നോ കായികരംഗം വിടുമോയെന്നോ വ്യക്തവുമല്ല. വിവാദങ്ങള്‍ തണുപ്പിക്കാനുള്ള നീക്കങ്ങളാണോ പുതിയ സംഭവങ്ങള്‍ എന്നും സംശയിക്കപ്പെടുന്നു.

Story first published: Tuesday, September 6, 2016, 9:57 [IST]
Other articles published on Sep 6, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X