ചണ്ഡീഗഡ്: പ്രോ ഗുസ്തി ലീഗ് സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ മഹാരഥിക്ക് ജയം. ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന്റെ മികവില്‍ എന്‍സിആര്‍ പഞ്ചാബ് റോയല്‍സിനെ 4-3 എന്ന നിലയിലാണ് മുംബൈ തോല്‍പ്പിച്ചത്. തായു ദേവി ലാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിനേഷ് ഫോഗട്ടിന്റെ പ്രകടനം വേറിട്ടുനിന്നു. നിലവിലെ ചാമ്പ്യന്മാരായ പഞ്ചാബിന് ഇതോടെ ആദ്യ മത്സരത്തില്‍തന്നെ അടിതെറ്റി.
പഞ്ചാബ് റോയല്‍സിന്റെ അഞ്ജുവിനെ 8-0 എന്ന രീതിയില്‍ ഏകപക്ഷീയമായാണ് വിനേഷ് തോല്‍പ്പിച്ചത്. രണ്ടാം റൗണ്ടില്‍തന്നെ റഫറി മത്സരം അവസാനിപ്പിച്ചു. പെണ്‍കുട്ടികളുടെ അണ്ടര്‍ 17 കാറ്റഗറിയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ താരമാണ് അഞ്ജു. രണ്ടുദിവസം മുന്‍പ് സ്വര്‍ണം നേടിയ താരം തിങ്കളാഴ്ച പഞ്ചാബ് ടീമിനൊപ്പം ചേരുകയും മത്സരത്തിനിറങ്ങുകയുമായിരുന്നു.

അഞ്ജുവിനെപ്പോലുളള യുവതാരങ്ങള്‍ക്ക് ഇത് മികച്ച അവസരമാണെന്ന് മത്സരശേഷം വിനേഷ് പ്രതികരിച്ചു. മുതിര്‍ന്ന താരങ്ങളുമായുള്ള മത്സരം ആത്മവിശ്വാസമുയര്‍ത്തും. വരും മത്സരങ്ങളില്‍ ഈ പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നും വിനേഷ് പറഞ്ഞു. മുംബൈയ്ക്കുവേണ്ടി ഇബ്രാജിം ഇല്യാസോവ്(57 കിലോഗ്രാം), സെനത്ത് നമെത്(76), സച്ചിന്‍ രതി(74) എന്നിവര്‍ ജയം നേടി. പഞ്ചാബിനായി ബജ് രംഗ് പൂണിയ(65), മിമി ഹ്രിസ്‌തോവ(57), ദത്തോ മഗാരിഷ്വിലി(86) എന്നിവരും ജയിച്ചു.