ചെന്നൈ: പ്രഥമ പ്രോ വോളി കിരീടം സ്വന്തമാക്കി ചെന്നൈ സ്പാര്‍ട്ടന്‍സ്. ഫൈനലില്‍ കേരള ടീമായ കാലിക്കറ്റ് ഹീറോസിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് ചെന്നൈ വീഴ്ത്തിയത്. സ്കോര്‍ 11-15, 12-15, 14-16. ടൂര്‍ണമെന്റിലെ ആറ് മത്സരങ്ങളിലും പരാജയമറിയാതെ കുതിച്ച കാലിക്കറ്റിന് ഫൈനലിലെ തോല്‍വി കനത്ത നിരാശയാണ് സമ്മാനിച്ചത്.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നു കളികള്‍ തോറ്റ ചെന്നൈയ്ക്ക് കിരീടവിജയം അപ്രതീക്ഷിത നേട്ടവുമായി. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന ഫോമില്‍ കളിച്ച ജെറോം വിനീത്, പോള്‍ ലോട്ട്മാന്, അജിത്ത് ലാല്‍ എന്നിവര്‍ ഫൈനലില്‍ നിറം മങ്ങി. ആദ്യ രണ്ടു സെറ്റുകളിലും കാര്യമായ പോരാട്ടമില്ലാതെ കാലിക്കറ്റ് കീഴടങ്ങിയപ്പോള്‍ അവസാന സെറ്റില്‍ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടത്.
മൂന്നാം സെറ്റില്‍ ഹോം ഗ്രൗണ്ടായ ജവാഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ കാണികളുടെ പിന്തുണ ചെന്നൈയ്ക്ക് നേട്ടമായി. ഫൈനലിലെ സമ്മര്‍ദ്ദമാണ് കാലിക്കറ്റിന് വിനയായത്. ലീഗ് മത്സരങ്ങളില്‍ മിക്കതിലും കാലിക്കറ്റ് ഏകപക്ഷീയമായ വിജയമാണ് സ്വന്തമാക്കിയത്. ചെന്നൈയ്ക്കെതിരെ നേരത്തെ കളി ജയിച്ച കാലിക്കറ്റിന് ഇക്കുറി വിജയം ആവര്‍ത്തിക്കാനായില്ല. നേരത്തെ മറ്റൊരു കേരള ടീം കൊച്ചി സെമിയില്‍ പരാജയപ്പെട്ടിരുന്നു.