Paralympics: പൊന്നണിഞ്ഞ് ഇന്ത്യ, ഷൂട്ടിങില്‍ അവാനിക്കു സ്വര്‍ണം; ഡിസ്‌കസില്‍ യോഗേഷിന് വെള്ളി

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യ തങ്ങളുടെ ആദ്യ സ്വര്‍ണ മെഡല്‍ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു. വനിതകളുടെ ഷൂട്ടിങില്‍ അവാനി ലെഖാറയാണ് രാജ്യത്തിനായി പൊന്നണിഞ്ഞത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗം R2 ഇനത്തിലാണ് അവാനി സ്വര്‍ണത്തിലേക്കു വെടിയുതിര്‍ത്തത്. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കത്തൂനിയ വെള്ളി മെഡലും കരസ്ഥമാക്കി. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യം അഞ്ചായി ഉയര്‍ന്നു. ഞായറാഴ്ച രണ്ടു വെള്ളിയും ഒരു വെങ്കലവും ഇന്ത്യക്കു ലഭിച്ചിരുന്നു. ഭവാനിബെന്‍ പട്ടേല്‍ (ടേബിള്‍ ടെന്നീസ്, നിഷാദ് കുമാര്‍ (ഹൈജംപ്) എ്ന്നിവര്‍ വെള്ളിയും ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലവും നേടിയിരുന്നു.

ലോക റെക്കോര്‍ഡിനൊപ്പമെത്തുന്ന പ്രകടനം നടത്തിയാണ് ഷൂട്ടിങില്‍ അവാനി സ്വര്‍ണം കൊയ്തത്. 249.6 പോയിന്റാണ് താരത്തിനു ഫൈനലില്‍ ലഭിച്ചത്. 19 കാരിയായ താരത്തിന്റെ കന്നി ഗെയിംസ് കൂടിയാണിത്. മാത്രമല്ല ഈ മെഡലോടെ അവാനി പുതിയ ചരിത്രവും കുറിച്ചു. പാരാലിംപിക്‌സ് ഷൂട്ടിങില്‍ സ്വര്‍ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് അവര്‍.

ചരിത്രനേട്ടം കൊയ്ത അവാനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അസാധാരണ പ്രകടനം അവാനി ലെഖാറ. കഠിനാധ്വാനത്തിലൂടെ അര്‍ഹിച്ച സ്വര്‍ണം നേടിയതിന് അഭിനന്ദനങ്ങള്‍. ഷൂട്ടിങിനോടുള്ള നിങ്ങളുടെ അഭിനിവേശവും അധ്വാനശീലവുമാണ് ഇതു സാധ്യമാക്കിയത്. ഇന്ത്യന്‍ കായിക രംഗത്തെ സ്‌പെഷ്യലായ നിമിഷമാണിത്. നിങ്ങളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു ആശംസകള്‍ എന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്.

പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയ നാലാമത്തെ ഇന്ത്യന്‍ താരമാണ് അവാനി. നേരത്തേ നീന്തലില്‍ മുരളീകാന്ത് പടേക്കര്‍ (1972), ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ (2004, 16), ഹൈജംപില്‍ തങ്കവേലു മാരിയപ്പന്‍ (2016) എന്നിവരാണ് ഗെയിംസില്‍ രാജ്യത്തിനു വേണ്ടി പൊന്നണിഞ്ഞിട്ടുള്ളത്.

അതേസമയം, ഡിസ്‌കസ് ത്രോയിലേക്കു വരികയാണെങ്കില്‍ ഒരു കോച്ച് പോലുമില്ലാതെ സ്വയം പരിശീലനം നടത്തിയാണ് യോഗേഷ് വെള്ളി മെഡല്‍ വിജയത്തിലെത്തിയത്. ദില്ലിയിലെ കിരോരിമല്‍ കോളേജിലെ ബികോം വിദ്യാര്‍ഥിയാണ് 24 കാരന്‍. ഫൈനലില്‍ അവസാന ശ്രമത്തിലായിരുന്നു വെള്ളിയുറപ്പിച്ച യോഗേഷിന്റെ ത്രോ. ആറാമത്തെ ത്രോയില്‍ 44.38 മീറ്റര്‍ എറിഞ്ഞ് അദ്ദേഹം രണ്ടാമതെത്തുകയായിരുന്നു.

അവിസ്മരണീയ നിമിഷമാണിതെന്നു മല്‍സരശേഷം യോഗേഷ് പ്രതികരിച്ചു. ഈ വെള്ളി മെഡല്‍ 2024ലെ പാരീസ് ഗെയിംസില്‍ സ്വര്‍ണം നേടാന്‍ തനിക്കു ഒരുപാട് പ്രചോദനം നല്‍കുന്നതായും താരം വ്യക്തമാക്കി. കഴിഞ്ഞ 18 മാസം തയ്യാറെടുപ്പുകള്‍ വളരെ കടുപ്പമായിരുന്നു. ഇന്ത്യയില്‍ ആറു മാസത്തോളം ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ എല്ലാ സ്‌റ്റേഡിയങ്ങളും അടച്ചിട്ടിരിക്കുകയായിരുന്നു. സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനായി മടങ്ങിയെത്തിയപ്പോള്‍ എനിക്കു സ്വയം പരിശീലനം നടത്തേണ്ടി വന്നു. ഇപ്പോഴും കോച്ചില്ലാതെയാണ് ഞാന്‍ പരിശീലിക്കുന്നത്. കോച്ചില്ലാത വെള്ളി മെഡല്‍ നേടാനായത് മഹത്തായ നിമിഷമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 30, 2021, 8:16 [IST]
Other articles published on Aug 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X