ടോക്കിയോ: അംഗപരിമിതരുടെ ഒളിംപിക്‌സായ പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ഭവിനബെന്‍ പട്ടേലിന് വെള്ളിനേട്ടം. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ മെഡല്‍ നേടുന്നത്. ഫൈനലില്‍ ഇടം പിടിക്കാനായെങ്കിലും ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ സിങ് സുവിനോടാണ് ഭവിനബെന്നിന് പരാജയം സമ്മതിക്കേണ്ടി വന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഭവിനയുടെ തോല്‍വി. സ്‌കോര്‍ 7-15, 5-11, 6-11.
19 മിനുട്ട് നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് തവണ പാരാലിംപിക്‌സ് സ്വര്‍ണ്ണം നേടിയിട്ടുള്ള ചൈനീസ് താരത്തോട് പിടിച്ചുനിക്കാന്‍ ഭവിനക്ക് സാധിച്ചില്ല. ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോഴും സൂ യിങ്ങിനോട് ഭവിന പരാജയപ്പെട്ടിരുന്നു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് അഭിമാന നേട്ടമാണിത്. ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഭവിനക്ക് ആശംസ നേര്‍ന്നത്.
ബാഡ്മിന്റണ്‍ ഓഫ് ഇന്ത്യ, ഒളിംപിക്‌സ് താരം നേഹ അഗര്‍വാള്‍, അഭിനവ് ബിന്ദ്ര, വീരേന്ദര്‍ സെവാഗ്, വസിം ജാഫര്‍, പി ടി ഉഷ തുടങ്ങിയവരെല്ലാം ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരശേഷം ഭവിനയെ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. ട്വിറ്ററിലൂടെയും പ്രധാനമന്ത്രി മെഡല്‍ നേട്ടത്തിന് അഭിനന്ദനം നേര്‍ന്നു. തുടങ്ങിയവരൊക്കെ ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. രാഷ്ട്രപദി രാംനാഥ് കോവിന്ദും ട്വിറ്ററിലൂടെ ഭവിനയെ പ്രശംസിച്ചു.

ഭവിനയെ സംബന്ധിച്ച് പാരാലിംപിക്‌സ് മെഡല്‍ സ്വപ്‌ന സാക്ഷാത്കാരമാണ്. ഊണും ഉറക്കവുമില്ലെങ്കിലും ടേബിള്‍ ടെന്നിസില്ലാതെ ഒരു ദിവസം പോലും ജീവിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഭവിനയുടെ അര്‍പ്പണബോധവും ടേബിള്‍ ടെന്നിസിനോടുള്ള അടങ്ങാത്ത സ്‌നേഹവും തന്നെയാണ് ഈ നേട്ടത്തിന്റെ അടിത്തറ. ശാരീരിക വൈകല്യങ്ങള്‍ക്കപ്പുറവും പോരാടാന്‍ കെല്‍പ്പുള്ള മനസ് തന്നെയാണ് ഭവിനയെ ടോക്കിയോയിലെ വെള്ളിത്തിളക്കത്തിലേക്കെത്തിച്ചത്.
12 മാസം പ്രായം ഉള്ളപ്പോള്‍ പോളിയോ ബാധിച്ച് കാലുകളുടെ സ്വാധീനം നഷ്ടമായിടത്തുനിന്നാണ് ഭവിന ഇപ്പോള്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. ഫൈനലില്‍ പൊരുതി വീണെങ്കിലും പാരാലിംപിക്‌സിലെ ടേബിള്‍ ടെന്നിസ് ചരിത്രത്തില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അഭിമാന നേട്ടം ഭവിന സ്വന്തം പേരിലാക്കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഈ വെള്ളി നേട്ടത്തിന് പൊന്നിന്‍ തിളക്കം തന്നെയുണ്ട്.
ലോക മൂന്നാം നമ്പര്‍ താരം ചൈനയുടെ മീയോ സാങ്ങിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ഭവിനയുടെ ഫൈനല്‍ പ്രവേശനം. 34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഭവിനയുടെ ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടറില്‍ ലോക അഞ്ചാം നമ്പര്‍ താരം സെര്‍ബിയയുടെ ബെറിസ്ലാവ പെറിക് റാന്‍കോവിക്കിനെ തോല്‍പ്പിച്ച ഭവിന പ്രീക്വാര്‍ട്ടറില്‍ ബ്രസീലിന്റെ ജോയ്‌സ് ഡി അലിവിയേരയെയും പരാജയപ്പെടുത്തി.