ബെംഗളൂരു: ഇന്ത്യന്‍ താരം പങ്കജ് അദ്വാനി സ്‌നൂക്കര്‍ കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം സ്വന്തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടിയതോടെയാണ് പങ്കജ് അദ്വാനി ചരിത്രനേട്ടത്തിന് ഉടമയായത്. തായ്‌ലന്‍ഡിന്റെ തനാവട് ടിറപന്‍ഗ്‌പൈബൂണിനെയാണ് 34കാനായ അദ്വാനി ഫൈനലില്‍ കീഴടക്കിയത്. സ്‌കോര്‍ 6-3.
2003-ല്‍ ലോക സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയാണ് പങ്കജ് അദ്വാനി വരവറിയിച്ചത്. പിന്നീട് ആറ് റെഡ് സ്‌നൂക്കര്‍ കിരീടങ്ങള്‍ കൂടി താരം സ്വന്തമാക്കി. സ്‌നൂക്കറില്‍ എല്ലാ ഫോര്‍മാറ്റിലും ചാമ്പ്യനായതോടെ അദ്വാനി ചരിത്രവിജയമാണ് സ്വന്തമാക്കിയത്. ബില്യാര്‍ഡ്‌സിലും സ്‌നൂക്കറിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്ന ആദ്യ താരവുമാണ് അദ്വാനി.

''ഞാന്‍ പങ്കെടുക്കുന്ന രണ്ട് ഇനത്തിലും രാജ്യത്തിനുവേണ്ടി നേടാവുന്നതെല്ലാം സ്വന്തമാക്കാനായി. ഈ വിജയം എന്റെ നേട്ടങ്ങളെ പൂര്‍ണതയിലെത്തിക്കുന്നു. ഇനി എനിക്ക് സമാധാനത്തോടെ നീണ്ടസമയം ഉറങ്ങണം.'' -രാജ്യത്തെ പരമോന്നത കായിക അവാര്‍ഡായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ജേതാവ് കൂടിയായ പങ്കജ് അദ്വാനി പറഞ്ഞു.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വിയുടെ വക്കില്‍ നിന്ന് കരകയറിയാണ് അദ്വാനി ചാമ്പ്യനായത്. സെമിഫൈനലില്‍ പാകിസ്തന്റെ അസ്ജദ് ഇഖ്ബാലിനോട് 0-4ന് പിന്നിലായിരുന്ന അദ്വാനി പൊരുതിക്കയറിയാണ് 5-4ന് ജയം പിടിച്ചെടുത്തത്. ഫൈനലിലും പിന്നില്‍നിന്ന് പൊരുതിവന്നാണ് വിജയം നേടിയത്.