യാങ്കോണ്‍: നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ പങ്കജ് അദ്വാനിക്ക് ലോക ബില്യാര്‍ഡ്സ് കിരീടം. മ്യാന്മാറിലെ യാങ്കോണില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയതാരം നായ് ത്വായി ഊവിനെ 6-2 എന്ന സ്കോറിനാണ് താരം കീഴ്പ്പെടുത്തിയത്. എല്ലാ ഫോര്‍മാറ്റിലുമായി പങ്കജ് അദ്വാനിയുടെ ഇരുപതാമത്തെ ലോക കിരീടമാണിത്. രണ്ടാഴ്ച മുന്‍പ് ഏഷ്യന്‍ സ്നൂക്കര്‍ ടൂറിലും അദ്വാനി ചാമ്പ്യനായിരുന്നു.
അര്‍ജന്റീന ഫാന്‍സിന് ആഹ്ലാദിക്കാം... മെസ്സി തിരിച്ചെത്തുന്നു, മടങ്ങിവരവ് അടുത്ത വര്‍ഷമെന്ന് സൂചന
ഇന്റര്‍ നാഷണില്‍ ബില്യാര്‍ഡ്സ് ആന്‍ഡ് സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പിന്റെ 150 പോയന്റ് ഫോര്‍മാറ്റില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു അദ്വാനിയുടേത്. 150-21, 0-151, 151-0, 4-151, 151-11, 150-81, 151-109, 151-0 എന്നിങ്ങനെയായിരുന്നു ഫൈനല്‍ സ്കോര്‍. ടൂര്‍ണമെന്റിലുടനീളം മുപ്പത്തമൂന്നുകാരനായ അദ്വാനി പ്രകടനമികവുകാട്ടി. രണ്ടാം സെറ്റിലും നാലാം സെറ്റിലും എതിരാളി തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും പിന്നീട് ആധികാരിക പ്രകടനത്തിലൂടെ ഇന്ത്യന്‍താരം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുകയായിരുന്നു.
സെമിയില്‍ മുന്‍ ലോക ചാമ്പ്യന്‍ ഡേവിഡ് കൗസിയറെ 5-0 എന്ന സ്കോറിന് തോല്‍പ്പിച്ചായിരുന്നു അദ്വാനി ഫൈനലിലെത്തിയത്. മറ്റൊരു ലോക ചാമ്പ്യനായ മൈക്ക് റസ്സലിനെ 5-2 എന്ന നിലയില്‍ നായ് ത്വായിയും കീഴടക്കി. യോങ്കോണില് തന്നെ ഈ ആഴ്ച നടക്കാനിരിക്കുന്ന ഐബിഎസ്എഫിന്റെ മറ്റൊരു ഫോര്‍മാറ്റിലുള്ള ലോക ചാമ്പ്യന്‍ഷിപ്പിലും അദ്വാനി മത്സരിക്കുന്നുണ്ട്. നവംബര്‍ 18നാണ് ഫൈനല്‍.