Olympics 2024: സ്വപ്‌ന നേട്ടത്തിലേക്ക് 'ഷാര്‍പ്പ്' ഷൂട്ട്, വെങ്കല തിളക്കത്തില്‍ സ്വപ്‌നില്‍
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി സ്വപ്‌നില്‍ കുസാലെ. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷനില്‍ ഇന്ത്യക്കായി സ്വപ്‌നില്‍ വെങ്കല നേട്ടത്തിലെത്തിയിരിക്കുകയാണ്. 451.4 പോയിന്റുകളോടെയാണ് താരം വെങ്കല നേട്ടത്തിലേക്കെത്തിയത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സിലാണ് ഇതിന് മുമ്പ് ഈ ഇനത്തില്‍ ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്. അന്ന് നഷ്ടമായ മെഡല്‍ ഇന്ന് സ്വപ്‌നിലിലൂടെ ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്.
യോഗ്യതാ റൗണ്ടിൽ 60 ഷോട്ടുകളിൽ നിന്ന് 590 പോയിന്റുകളുമായാണ് സ്വപ്‌നിൽ കുതിച്ചത്. കുസാലെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ 589 പോയിന്റുമായി ഐശ്വരി പ്രതാപ് സിംഗ് തോമർ പതിനൊന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തത്.

ആരാണ് സ്വപ്‌നിൽ കുസാലെ?
1995 ഓഗസ്‌റ്റ് 6ന് പൂനെയിലെ കാർഷിക കുടുംബത്തിലാണ് ജനിച്ചത്. 2009ൽ പിതാവ് മഹാരാഷ്ട്രയിലെ കായിക പ്രബോധിനി എന്ന പ്രാഥമിക കായിക പരിപാടിയിൽ ചേർത്തതോടെയാണ് സ്വപ്‌നിലിന്റെ ഷൂട്ടിങ്ങിലേക്കുള്ള യാത്ര ആരംഭിച്ചത്. ഒരു വർഷത്തെ കഠിന പരിശീലനത്തിന് ശേഷം സ്വപ്‌നിൽ തന്റെ വഴി ഷൂട്ടിംഗ് തന്നെയാണെന്ന് തീരുമാനിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ അർപ്പണബോധവും കഴിവും കൊണ്ട് തന്നെ ധാരാളം അംഗീകാരങ്ങളും താരത്തെ തേടിയെത്തി, 2013ൽ ലക്ഷ്യ സ്‌പോർട്‌സിൽ നിന്ന് സ്‌പോൺസർഷിപ്പ് ലഭിച്ചു. ഷൂട്ടിംഗ് ലോകത്തെ സ്വപ്‌നിലിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. 2015ൽ കുവൈത്തിൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ പ്രോൺ 3 ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.
ഇതിന് പുറമെ ഗഗൻ നാരംഗ്, ചെയിൻ സിംഗ് തുടങ്ങിയ പ്രമുഖ ഷൂട്ടർമാരെ മറികടന്ന് തുഗ്ലക്കാബാദിൽ നടന്ന 59-ാമത് ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അദ്ദേഹം വെന്നിക്കൊടി പാറിച്ചിരുന്നു. തിരുവനന്തപുരത്ത് വച്ച് നടന്ന 61-ാമത് ദേശീയ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ റൈഫിൾ 3-പൊസിഷൻ ഇനത്തിൽ സ്വർണം നേട്ടം ആവർത്തിച്ച സ്വപ്‌നിൽ അക്ഷരാർത്ഥത്തിൽ വരവറിയിക്കുകയായിരുന്നു.
അവിടുന്ന് അങ്ങോട്ട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2022ൽ കെയ്‌റോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വപ്‌നിൽ നാലാമതായാണ് ഫിനിഷ് ചെയ്‌തത്. ഇതോടെ ഒളിമ്പിക് യോഗ്യതയും നേടി. 2022 ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ സ്വർണം നേടുകയും 2023 ബാകു ലോകകപ്പിൽ മിക്‌സഡ് ടീം ഇനത്തിൽ സ്വർണം നേടുകയും ചെയ്‌തതിന് പുറമേ വ്യക്തിഗത, ടീം ഇനങ്ങളിൽ രണ്ട് വെള്ളി മെഡലുകൾ സ്വന്തമാക്കുകയും ചെയ്‌തു.
2022ലെ ലോക ചാമ്പ്യൻഷിപ്പിൽ ടീം ഇനത്തിൽ വെങ്കലവും 2021ൽ ന്യൂഡൽഹിയിൽ നടന്ന ലോകകപ്പിൽ ടീം ഇനത്തിൽ സ്വർണവും സ്വപ്‌നിൽ കുസാലെ സ്വന്തമാക്കിയിരുന്നു. പൂനെയിൽ നിന്നുള്ള ഈ 28കാരന്റെ ഒളിമ്പിക് ഫൈനൽ പ്രവേശനം കേവലമൊരു ദിവസം കൊണ്ടുണ്ടായ അത്ഭുതമല്ല എന്നത് തീർച്ചയാണ്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി സ്വപ്‌നിൽ നടത്തിയ അർപ്പണ മനോഭാവത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർക്കാഴ്‌ച കൂടിയാണിതെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications