ഒളിമ്പിക്‌സ് സ്വർണം നേടി, പിന്നാലെ ഇഷ്‌ടം വെളിപ്പെടുത്തി സഹതാരം; മനസ് കീഴടക്കും പാരീസിലെ ഈ പ്രണയകഥ
പാരീസ്: പലകാരണങ്ങൾ കൊണ്ടും പാരീസ് ഒളിമ്പിക്‌സ് വേദി വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. അതിൽ വിവാദങ്ങളും ഒട്ടും കുറവല്ല. എന്നാൽ എല്ലാവരുടെയും മനസ് നിറയ്ക്കുന്ന സംഭവ വികാസങ്ങൾക്ക് വേദിയായി ഒളിമ്പിക്‌സ് മാറിയത് കഴിഞ്ഞ ദിവസം നടന്ന ഒരു രസകരമായ സംഭവത്തിലൂടെയാണ്. ബാഡ്‌മിന്റൺ മിക്‌സഡ് ഡബിൾസ് ഫൈനലിന് പിന്നാലെ ഒരു അപൂർവ വെളിപ്പെടുത്തലിന് ഒളിമ്പിക്‌സ് കോർട്ട് വേദിയായ സംഭവമാണ് ഇപ്പോൾ പ്രധാന ചർച്ചാ വിഷയം.
ബാഡ്‌മിന്റണിലെ മിക്‌സഡ് ഡബിൾസ് വിഭാഗത്തിൽ സ്വർണം നേടിയതിന് പിന്നാലെ നടന്ന മെഡൽദാന ചടങ്ങിന് ചൈനീസ് താരം ഹുവാങ് യാകിയോങ്ങിനെ കാത്തിരുന്നത് വമ്പനൊരു സർപ്രൈസ് തന്നെയായിരുന്നു. സഹതാരമായ ലിയു യുചെൻ തന്റെ പ്രണയം പറയാൻ തിരഞ്ഞെടുത്ത സമയമായിരുന്നു അത്. അങ്ങനെ ലോകമെമ്പാടുമുള്ള കായിക പ്രേമികളെ സാക്ഷിനിർത്തി യുചെൻ തന്റെ പ്രണയം വെളിപ്പെടുത്തുകയായിരുന്നു.

Pic Courtesy: GGTN Twitter
മിക്‌സഡ് ഇനത്തിൽ ഷെങ് സിയ്‌ക്കൊപ്പം ഹുവാങ് യാകിയോങ് തന്റെ രാജ്യത്തിന് വേണ്ടി സ്വർണം നേടിയിരുന്നു. എന്നാൽ മെഡൽ ചടങ്ങിന് തൊട്ടുപിന്നാലെ ലിയു യുചെൻ ഹുവാങ്ങിനടുത്ത് എത്തുകയും മുട്ടുകുത്തി നിന്നുള്ള ഐകോണിക് പ്രപ്പോസൽ സീൻ സൃഷ്‌ടിക്കുകയും ചെയ്യുകയായിരുന്നു. ആദ്യമൊന്ന് അമ്പരന്നെങ്കിലും ലിയു തൊടുത്ത പ്രണയത്തിന്റെ സ്‍മാഷ് യാകിയോങിന്റെ ഹൃദയത്തിൽ തന്നെയാണ് ചെന്ന് പതിച്ചത്.
സ്വർണ നേട്ടത്തിന്റെ നെറുകയിൽ നിൽക്കെ വന്ന വിവാഹാഭ്യർത്ഥനയോട് നോ പറയാൻ യാകിയോങിന് കഴിഞ്ഞില്ല. അങ്ങനെ വൈകാരികമായ ആ നിമിഷത്തിന് ഒടുവിൽ ഇരുവരും ചേർന്നു നിന്നതോടെ പാരീസ് സാക്ഷ്യം വഹിച്ചത് അസാധാരണമായ ചില സംഭവ വികാസങ്ങൾക്ക് കൂടിയാണ്. കാണികളും ഇരുവരുടെയും സന്തോഷത്തിന് ഒപ്പം പങ്കുചേർന്നിരുന്നു.
ഞാൻ വളരെയധികം സന്തോഷത്തിലാണ്. കാരണം എനിക്കുണ്ടായ വികാരം വിവരിക്കാൻ പോലും കഴിയില്ല. സ്വർണമെഡൽ നേടിയത് ഞങ്ങളുടെ കഠിനമായ യാത്രയ്ക്കുള്ള അംഗീകാരമായിരുന്നു. വിവാഹ മോതിരം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ഒളിമ്പിക് ചാമ്പ്യനാകാനുള്ള പരിശീലനത്തിലായിരുന്നു ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഞാനിത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല' സംഭവത്തിന് ശേഷം യാകിയോങ് മാധ്യമങ്ങളോട് പ്രതികരിച്ചു.
നേരത്തെ ടോക്കിയോ ഒളിമ്പിക്‌സിൽ വെള്ളി നേടിയ ലിയു ആയിരുന്നു ഈ കഥയിലെ നായകൻ. പ്രണയം പൂവിട്ടെങ്കിലും താരത്തിന് ഇക്കുറി ഒളിമ്പിക്‌സ് മെഡൽ സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞില്ല. പുരുഷ ഡബിൾസിൽ മത്സരിച്ച ലിയുവിന് നോക്ക്ഔട്ടിലേക്ക് കടക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് തന്റെ അവസാന ഒളിമ്പിക്‌സ് ആയിരിക്കുമെന്ന് ലിയു നേരത്തെ പ്രഖ്യാപിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications