Olympics 2024: വെള്ളവും ഭക്ഷണവും ഉപേക്ഷിച്ചു; സെമിഫൈനലിന് ശേഷം വിനേഷ് ഫോഗട്ടിന് എന്താണ് സംഭവിച്ചത്?
പാരീസ്: ഇന്ത്യയുടെ സകല പ്രതീക്ഷകളും തച്ചുടച്ചുകൊണ്ടാണ് ഇന്ന് രാവിലെ ഇടിത്തീ പോലെ വിനേഷ് ഫോഗട്ടിന്റെ അയോഗ്യതാ വാർത്ത പുറത്തുവന്നത്. ടൂർണമെന്റിൽ മുൻപൊരിക്കലും കാണാത്തവിധം നിശ്ചയദാർഢ്യത്തോടെയും കരുത്തോടെയും ഇറങ്ങിയ താരം മുൻപിലെ സകല പ്രതിബന്ധങ്ങളെയും അനായാസം കശക്കിയെറിഞ്ഞാണ് ഫൈനൽ പ്രവേശനം സാധ്യമാക്കിയത്. ഒടുവിൽ സാങ്കേതികയിൽ കുരുങ്ങി വീഴാനായിരുന്നു താരത്തിന്റെ വിധി.
ശരിക്കും വിനേഷ് ഫോഗട്ട് ഫൈനലിൽ ഇറങ്ങിയാൽ സ്വർണവുമായി തന്നെ മടങ്ങി വരുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. അതിനൊത്ത പ്രകടനമായിരുന്നു അവർ ക്വാർട്ടർ ഫൈനലിലും സെമിയിലും ഒക്കെ കാഴ്‌ചവച്ചത്. ഒരിക്കലും ഇത്തരത്തിൽ വിധി വിനേഷ് ഫോഗട്ടിന് വന്നുചേരുമെന്ന് ഒരാൾ പോലും കരുതിയിരുന്നില്ല എന്നതാണ് വാസ്‌തവം.

എന്താണ് നിർണായകമായ 12 മണിക്കൂറുകൾ സംഭവിച്ചത്?
ഇപ്പോഴിതാ എന്താണ് അവിടെ സംഭവിച്ചത് എന്നതുമായി ബന്ധപ്പെട്ട വിശദീകരണമാണ് പുറത്തുവന്നിരിക്കുന്നത്. താരത്തിന്റെ ക്യാമ്പിലെ അംഗങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. താരത്തിന്റെ സാധാരണ ഭാരത്തേക്കാളും വളരെ കുറഞ്ഞ കാറ്റഗറിയിൽ മത്സരിച്ചത് വലിയ വെല്ലുവിളി ആയിരുന്നു എന്നാണ് പലരും പറയുന്നത്.
'ഇന്നലെ രാവിലെ വിനേഷിന്റെ ഭാരം 49.9 കിലോഗ്രാം ആയിരുന്നു, ഇത് അവരുടെ സാധാരണ ഭാരത്തിന്റെ പരിധിയായ 57 കിലോഗ്രാമിന് വളരെ താഴെയാണ്. തന്റെ ഭാരം 50 കിലോ ആയി കുറയ്ക്കാൻ അവർ വലിയ ശ്രമം നടത്തി. എന്നാൽ രണ്ടാം ദിവസം ആ ഭാരം നിലനിർത്തുന്നത് മിക്കവാറും അസാധ്യമായിരുന്നു. ഒരു ചെറിയ ഭക്ഷണം പോലും കഴിച്ചാൽ അവരുടെ ഭാരം കുറഞ്ഞത് 53 കിലോ ആയി കുതിച്ചുയരും' ടീം അംഗം പറയുന്നു.
'എന്നാൽ മൂന്ന് മത്സരങ്ങളിൽ പോരാടാനുള്ള കരുത്ത് ലഭിക്കാൻ അവർക്ക് ഭക്ഷണം കഴിക്കേണ്ടി വരും. ഇന്നലെ രാത്രി നടന്ന സെമിഫൈനലിന് ശേഷം 52.7 കിലോഗ്രാം ഭാരമുണ്ടായിരുന്നു വിനേഷിന്. അതിനുശേഷം, അവർ വെള്ളമോ ഭക്ഷണമോ കഴിച്ചില്ല, ഉറങ്ങുക പോലുമില്ല. രാത്രി മുഴുവൻ പരിശ്രമിച്ചാണ്, രാവിലെയോടെ ഭാരം 50.1 കിലോ ആയി കുറയ്ക്കാൻ കഴിഞ്ഞത്.' അവർ കൂട്ടിച്ചേർത്തു.
മെഡിക്കൽ ഓഫീസറുടെ വിശദീകരണം
ചൊവ്വാഴ്‌ച മൂന്ന് മത്സരങ്ങൾ പൂർത്തിയാക്കിയ വിനേഷിന്റെ ശരീരഭാരം പ്രതീക്ഷിച്ചതിലും ഉയർന്നതായി ടീമിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പൗഡിവാല വിശദീകരിച്ചു. എന്നാൽ, കഠിനശ്രമം നടത്തിയിട്ടും അത് താഴെ എത്തിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. ഇതാണ് താരത്തിന്റെ അയോഗ്യതയിലേക്ക് നയിച്ചത്. ഗുസ്‌തി താരങ്ങൾ പൊതുവെ തങ്ങളുടെ തൂക്കത്തേക്കാൾ കുറഞ്ഞ വിഭാഗത്തിൽ തന്നെയാവും മത്സരിക്കുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.
തലേന്നത്തെ മത്സരശേഷം വിനേഷിന് അധികഭാരം ഉള്ളതായി കണ്ടതിനെ തുടർന്ന് കോച്ചിന്റെ നിർദ്ദേശ പ്രകാരം നടപടികൾ ചെയ്‌തതായി അദ്ദേഹം പറയുന്നു. വളരെക്കാലമായി അവർ ചെയ്‌തു വരുന്ന പ്രക്രിയ ആയതിനാൽ തന്നെ രാവിലെയോടെ ഭാരം താഴേക്ക് എത്തിക്കാൻ കഴിയുമെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാൽ അതുണ്ടായില്ലെന്നും പൗഡിവാല പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications