പാരീസിൽ നീരജിന് കാര്യങ്ങൾ എളുപ്പമാവില്ല; വെല്ലുവിളിച്ച് ഇവർ അഞ്ച് പേർ, കൂട്ടത്തിൽ പാകിസ്ഥാൻ താരവും
പാരീസ്: അത്ലറ്റിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ പ്രതിഭകളിൽ ഒരാളാണ് നീരജ് ചോപ്ര. ട്രാക്കിൽ നിന്നൊരു ഒളിമ്പിക്‌സ് സ്വർണം എന്ന ഇന്ത്യയുടെ പ്രതീക്ഷകൾ സാക്ഷാത്കരിച്ചു കൊണ്ടാണ് കഴിഞ്ഞ തവണ ടോക്കിയോയിൽ നീരജ് സ്വർണം എറിഞ്ഞു വീഴ്ത്തിയത്. ഇപ്പോഴിതാ നാല് വർഷങ്ങൾക്ക് ശേഷം പാരീസിൽ അഞ്ച് വളയങ്ങളുടെ പകിട്ടോടെ ലോക കായിക മാമാങ്കം വിരുന്നെത്തിയപ്പോൾ അവിടെയും ഇന്ത്യയുടെ പ്രതീക്ഷകളിൽ ഒന്ന് ഈ ചെറുപ്പക്കാരനാണ്.
സ്വർണത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീം നീരജ് ചോപ്രയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല എന്നതാണ് സത്യം. ഒരിക്കൽ കൂടി ഒളിമ്പിക്‌സ് പോഡിയത്തിൽ ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങി കേൾക്കാൻ പക്ഷേ നീരജിന് മുൻപിൽ കടമ്പകളേറെയാണ്. ഓഗസ്‌റ്റ് ഒന്നിന് തുടങ്ങിയ ജാവലിൻ മത്സരങ്ങൾ ഓഗസ്‌റ്റ് 11നാണ് അവസാനിക്കുക. ശക്തരായ എതിരാളികൾ തന്നെയാണ് ഇക്കുറി നീരജിനെ കാത്തിരിക്കുന്നത്. അവരിൽ അഞ്ച് പ്രധാനികൾ നമുക്ക് പരിചയപ്പെടാം.

അർഷാദ് നദീം (പാകിസ്ഥാൻ)
ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ അർഷാദ് നദീം ജാവലിൻ ത്രോ വിഭാഗത്തിൽ നീരജിന് കടുത്ത എതിരാളിയാണ്. ഇതിന് പുറമേ 2023-ൽ ബുഡാപെസ്‌റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 87.82 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ നേടിയതും നദീമിന്റെ നേട്ടമാണ്. 2018 ഏഷ്യൻ ഗെയിംസ് മുതൽ ഇരുവരും കൊമ്പുകോർത്ത് വരികയാണ്.
ജൂലിയൻ വെബർ (ജർമ്മനി)
ജാവലിൻ ത്രോയിൽ നിലവിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ജൂലിയൻ വെബർ നീരജിന് ചെറിയ വെല്ലുവിളിയൊന്നുമല്ല ട്രാക്കിൽ ഉയർത്തുക എന്ന കാര്യം ഉറപ്പാണ്. 2023 ജൂലൈയിൽ കാസലിൽ നടന്ന ജർമ്മൻ ചാമ്പ്യൻഷിപ്പിൽ 88.72 മീറ്റർ എറിഞ്ഞ് ദേശീയ കിരീടം നേടിയ താരം കൂടിയാണ് വെബർ.
യാക്കൂബ് വാഡ്‌ലെജ് (ചെക്ക് റിപ്പബ്ലിക്)
ചോപ്രയുടെ മുഖ്യ എതിരാളിയായി കണക്കാക്കുന്നത് താരമാണ് യാക്കൂബ്. 84.24 മീറ്റർ എറിഞ്ഞുകൊണ്ട്, 2023 ലെ യൂജിനിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽ വിജയിച്ച താരമാണ് അദ്ദേഹം. 2023 ഓഗസ്‌റ്റിൽ ബുഡാപെസ്‌റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 86.67 മീറ്റർ എറിഞ്ഞ് വാഡ്‌ലെജ് വെങ്കലം നേടിയിരുന്നു. നിലവിൽ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് യാക്കൂബ് വാഡ്‌ലെജ്.
ആൻഡേഴ്‌സൺ പീറ്റേഴ്‌സ് (ഗ്രനേഡ)
2019 ഓഗസ്‌റ്റിൽ പാൻ അമേരിക്കൻ ഗെയിംസിൽ സ്വർണം നേടിയപ്പോൾ പീറ്റേഴ്‌സ് ദേശീയ റെക്കോർഡും ഗെയിം റെക്കോർഡും സ്ഥാപിച്ചിരുന്നു. പാൻ അമേരിക്കൻ ഗെയിംസിൽ ഗ്രനേഡയുടെ കന്നി സ്വർണവും പീറ്റേഴ്‌സ് പിടിച്ചെടുത്തു. താരവും ശക്തമായ പ്രകടനം കാഴ്‌ച വയ്ക്കും എന്നാണ് കരുതപ്പെടുന്നത്.
മാക്‌സ് ഡെഹ്നിംഗ് (ജർമ്മനി)
2024 ഫെബ്രുവരിയിൽ ഹാലെയിൽ നടന്ന വിന്റർ ത്രോയിംഗ് ചാമ്പ്യൻഷിപ്പിൽ, 19 കാരനായ ജർമ്മൻ ജാവലിൻ ത്രോ താരം മാക്‌സ് ഡെഹ്നിംഗ് 90.20 മീറ്റർ എറിഞ്ഞ് വാർത്തകളിൽ ഇടം നേടിയിരുന്നു. ഈ നേട്ടത്തോടെ, 90 മീറ്റർ എന്ന ദൂരം മറികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കായികതാരമായി മാക്‌സ് മാറുകയും ചെയ്‌തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications