അമിത് രോഹിദാസിന്റെ സസ്‌പെൻഷൻ; ഉത്തരവിട്ടത് 'ചക് ദേ ഇന്ത്യ' സിനിമയിലെ താരം..! സംഭവം ഇങ്ങനെ
പാരീസ്: ഒളിമ്പിക്‌സ് സെമിഫൈനലിലേക്ക് ചരിത്ര മുന്നേറ്റവുമായി ഇന്ത്യൻ പുരുഷ ടീം മികച്ച പ്രകടനം നടത്തിയിരിക്കുകയാണ്. എങ്കിലും അവിടെയും സെമി പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് മുന്നിൽ ചില ആശങ്കകൾ തെളിയുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മികച്ച താരങ്ങളിൽ ഒരാളായ അമിത് രോഹിദാസിന്റെ സസ്‌പെൻഷൻ. പക്ഷേ ഇപ്പോഴിതാ ആ സംഭവത്തിൽ രസകരമായ മറ്റൊരു കാര്യം കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
അമിത് രോഹിദാസിന്റെ സസ്പെൻഷന് ഉത്തരവിട്ടത് 'ചക് ദേ ഇന്ത്യ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ഒരു നടൻ ആണെന്ന് പറഞ്ഞാൽ നിങ്ങളിൽ എത്ര പേർ വിശ്വസിക്കും എന്നറിയില്ല. എന്നാൽ സംഗതി സത്യമാണ്. ചക് ദേ ഇന്ത്യ സിനിമയിൽ അഭിനയിച്ച ഒരാളാണ് അമിത് രോഹിദാസിന്റെ സസ്‌പെൻഷൻ ഉത്തരവിട്ടതെന്ന് ഇപ്പോഴാണ് കൂടുതൽ പേരും അറിയുന്നത് എന്ന് മാത്രം.

ആരാണ് ആ താരം?
നിങ്ങളിൽ പലരും വിചാരിച്ചത് പോലെ അദ്ദേഹം ഒരു ഇന്ത്യൻ നടനല്ല എന്ന് ആദ്യമേ ഉറപ്പിച്ചോളൂ. ഇന്റർനാഷണൽ ഹോക്കി ഫെഡറേഷന് വേണ്ടി ഈ ഉത്തരവ് പുറത്തിറക്കിയത് ജോഷ്വാ ബർട്ട് ആണ്. നിലവിൽ പാരീസ് ഒളിമ്പിക്‌സ് ടൂർണമെന്റ് ഡയറക്‌ടറായി സേവനം അനുഷ്‌ഠിക്കുന്ന ബർട്ട് ബോളിവുഡിലെ എക്കാലത്തെയും വലിയ സ്‌പോർട്‌സ് ഡ്രാമകളിൽ ഒന്നായ ചക് ദേ ഇന്ത്യയിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.
സിനിമയിൽ ഓസ്‌ട്രേലിയൻ വനിതാ ഹോക്കി ടീമിന്റെ പരിശീലക വേഷത്തിലാണ് ബർട്ട് അഭിനയിച്ചത്. സാക്ഷാൽ ഷാരൂഖ് ഖാൻ ആയിരുന്നു ഈ ചിത്രത്തിലെ നായകനായി അഭിനയിച്ചത്. ചിത്രം പുറത്തിറങ്ങി പതിനേഴ് വർഷങ്ങൾ പിന്നിട്ടെങ്കിലും അതിന്റെ ഹാങ്ങോവറിൽ നിന്ന് ഇന്ത്യൻ കായിക-സിനിമാ പ്രേമികൾ ഇതുവരെ വിട്ടുമാറിയിട്ടില്ല.
എന്തായാലും ജോഷ്വ ബർട്ടിന് ചക് ദേ ഇന്ത്യയുമായുള്ള ബന്ധം ഇപ്പോൾ ഇന്റർനെറ്റിൽ വലിയ ചർച്ചാ വിഷയമാണ്. മെൽബൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഹോക്കി പരിശീലകനായ ബർട്ട് കഴിഞ്ഞ പതിമൂന്ന് വർഷമായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനുമായി സഹകരിച്ചു വരികയാണ്. അങ്ങനെയാണ് ഒളിമ്പിക്‌സ് സംഘാടകൻ എന്ന നിലയിലേക്ക് എത്തിയത്.
അമിത് രോഹിദാസിന്റെ അഭാവം ഇന്ത്യയെ ബാധിക്കുമോ?
സിനിമ വിട്ട് ഹോക്കിയിലേക്ക് വന്നാൽ ഇന്ത്യയുടെ മികച്ച താരങ്ങളിൽ ഒരാളായ അമിത് രോഹിദാസിന്റെ അഭാവം ടീമിന് ആശങ്ക തന്നെയാണ്. പ്രത്യേകിച്ച് ഒളിമ്പിക്‌സ് സെമിഫൈനൽ പോലെയൊരു വലിയ വേദിയിൽ ഇന്ത്യ ഇറങ്ങുമ്പോൾ പതിനാറ് അംഗ ടീം പതിനഞ്ചായി ചുരുങ്ങുന്നു എന്നതാണ് വലിയ വെല്ലുവിളി. എങ്കിലും മലയാളി താരം പിആർ ശ്രീജേഷ് ഉൾപ്പെടെ ഒരുപിടി താരങ്ങളുമായി ജർമനിക്ക് എതിരെ ഇറങ്ങുന്ന ഇന്ത്യക്ക് ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കാനില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications