'അതാണ് എന്റെ സ്വപ്‌നം'; ഒളിമ്പിക്‌സ് വെള്ളിമെഡലിന് പിന്നാലെ തന്റെ ആഗ്രഹം വെളിപ്പെടുത്തി നീരജ് ചോപ്ര
പാരീസ്: ഒളിമ്പിക്‌സ് വേദിയിൽ വെള്ളിമെഡൽ നേട്ടവുമായി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ താരമാണ് നീരജ് ചോപ്ര. ഇന്ത്യയിൽ അത്രയധികം ജനകീയമല്ലാത്ത ഇനമായിരുന്നിട്ട് കൂടി ജാവലിൻ ഫൈനൽ കോടിക്കണക്കിന് ആളുകളാണ് തത്സമയം കണ്ടതെന്ന് ഓർക്കണം. അതിൽ നിന്ന് തന്നെ താരത്തിന്റെ മൂല്യം എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കാം. ഇപ്പോഴിതാ വെള്ളിമെഡൽ പ്രകടനത്തിന് ശേഷം തന്റെ സ്വപ്‌നം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
'ഇന്ത്യയിൽ വച്ച് മറ്റ് അന്താരാഷ്ട്ര താരങ്ങളുമായി മത്സരിക്കുക എന്നത് എന്റെ സ്വപ്‌നമാണ്. ഇന്ത്യയിൽ ഉടൻ തന്നെ ഒരു അന്താരാഷ്ട്ര മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു, എനിക്ക് അത് ചെയ്യാൻ കഴിയും" ചോപ്ര പറഞ്ഞു, ഒളിമ്പിക്‌സ് ഡോട്ട് കോം സംഘടിപ്പിച്ച ആരാധകരുമായുള്ള സംവേദനാത്മക സെഷനിൽ സംസാരിക്കവേയാണ് നീരജ് ചോപ്ര മനസ് തുറന്നത്.

ടോക്കിയോയിലെ സ്വർണത്തിന് ശേഷം തുടർച്ചയായ രണ്ടാം ഒളിമ്പിക് മെഡൽ നേടിയ നീരജ് ചോപ്ര താൻ കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. 'ഞാൻ ഇപ്പോൾ ഒരു പുതിയ സീസണിലേക്ക് കടക്കുകയാണ്. അതിനാൽ, പരിശീലന രീതികളോ സാങ്കേതികതയോ മാറ്റാൻ എനിക്ക് മതിയായ സമയമില്ല. എന്നാൽ രണ്ട് മേഖലകളിൽ, പ്രത്യേകിച്ച് ജാവലിൻ ലൈനിൽ മെച്ചപ്പെടുത്തണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' താരം പറഞ്ഞു.
'നിങ്ങൾക്കറിയാമോ, എറിയുന്നതിന്റെ ശരിയായ ആംഗിൾ കിട്ടിയാൽ എന്റെ ത്രോയിൽ എനിക്ക് കൂടുതൽ ശക്തി ലഭിക്കും. ഞാൻ തീർച്ചയായും അതിന് വേണ്ടി പ്രവർത്തിക്കും' അദ്ദേഹം പറഞ്ഞു. ശാരീരികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നെങ്കിലും, പാരീസിലെ ഒളിമ്പിക്‌സ് ഫൈനലിൽ എല്ലാം നൽകാൻ താൻ തയ്യാറായിരുന്നുവെന്നും നീരജ് പറഞ്ഞു.
'എന്റെ ശാരീരികമായ അവസ്ഥ കഠിനമായിരുന്നു. പക്ഷേ, അർഷാദ് ആ ത്രോ നടത്തിയപ്പോൾ, എനിക്ക് സീസണിലെ ഏറ്റവും മികച്ച ദൂരം കണ്ടെത്താൻ കഴിഞ്ഞു, കാരണം മത്സരം ഇതിനകം തന്നെ കഠിനമായതിനാൽ ആയതിനാൽ മികച്ച ത്രോ തന്നെ നടത്തണം എന്ന ചിന്ത എന്റെ മനസിൽ ഉണ്ടായിരുന്നു' നീരജ് പറയുന്നു.
അർഷാദ് നദീമിന്റെ വിജയവുമായി ബന്ധപ്പെട്ട് നീരജ് ചോപ്രയുടെ അമ്മ നടത്തിയ പരാമർശം സോഷ്യൽ മീഡിയ കീഴടക്കിയ കാര്യം സൂചിപ്പിച്ചപ്പോൾ അതിനെ കുറിച്ചും താരം പ്രതികരിച്ചു. തന്റെ അമ്മ ഒരു സാധാരണ ഗ്രാമീണ സ്ത്രീ ആണെന്നും മനസിൽ ഉള്ളത് എന്താണോ അതേപോലെ പറയുന്ന ആളാണെന്നും നീരജ് പറയുന്നു.
കൂടാതെ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭക്കറിനെയും ഹോക്കി ഇതിഹാസം പിആർ ശ്രീജേഷിനെയും നീരജ് ചോപ്ര പുകഴ്ത്തുകയുമുണ്ടായി. മനു ഭക്കറിന്റെ ശൈലിയെ പുകഴ്ത്തിയ നീരജ് അവരുടെ മനോധൈര്യത്തെയും പ്രശംസിച്ചു. ഏതൊരു ഘട്ടത്തിലും സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ ഉദാഹരണമാണ് ശ്രീജേഷ് എന്നും താരം പറയുകയുണ്ടായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications