പാരീസ്: ഇത്തവണ ഒളിമ്പിക്‌സ് വേദിയിൽ മിന്നും പ്രകടനവുമായി മുന്നേറുകയാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്തെറിഞ്ഞ ഇന്ത്യയുടെ പ്രകടനം കൈയ്യടി നേടിയിരുന്നു. ഇപ്പോഴിതാ സെമി ഫൈനലിൽ ഇന്ത്യ ജർമ്മനിയെ നേരിടാൻ ഒരുങ്ങുകയാണ്. അതിനിടയിൽ ഇന്ത്യൻ ടീമിന്റെ മെഡൽ സാധ്യതകളെ കുറിച്ചുള്ള ചർച്ചകളും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ കാര്യമായി തന്നെ നടക്കുന്നുണ്ട്.
ഇക്കുറി ഇന്ത്യ മെഡലും കൊണ്ട് തന്നെ മടങ്ങുമെന്നാണ് ആരാധകരുടെ പക്ഷം. അതത്ര എളുപ്പമല്ലെങ്കിലും ഈ നേട്ടത്തിന് പാരീസിൽ സാധ്യതകൾ ഏറെയാണ്. കാരണം സെമിഫൈനലിൽ ജർമനിയെ നേരിടുന്ന ഇന്ത്യയ്ക്ക് മുൻപിൽ മെഡൽ നേടാൻ രണ്ട് അവസരമാണ് ഉള്ളത്. എന്തൊക്കെയാണ് പാരീസിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ സാധ്യതകൾ എന്നും അതൊക്കെ ഏത് രീതിയിൽ പ്രയോജനപ്പെടുമെന്നും നമുക്ക് പരിശോധിക്കാം.

പാരീസിലെ ഇന്ത്യൻ ഹോക്കി ടീമിന്റെ സാധ്യതകൾ
ഇത്തവണ സെമിയിൽ ഇന്ത്യയ്ക്ക് നേരിടാനുള്ളത് കരുത്തരായ ജർമ്മനിയെയാണ്. സെമിയിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് വെള്ളിയോ സ്വർണമോ ഉറപ്പിക്കാം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഫൈനലിൽ കൂടി ജയിച്ചാൽ ഏറെക്കാലത്തിന് ശേഷം ഒളിമ്പിക്‌സ് സ്വർണം എന്ന ചരിത്രനേട്ടത്തിലേക്ക് നടന്നടുക്കാനും ഇന്ത്യൻ ഹോക്കി ടീമിന് കഴിയും.
ഇന്ത്യ-ജർമ്മനി സെമി ഫൈനൽ പോലെ തന്നെ മറുവശത്ത് സ്‌പെയിൻ-നെതർലാൻഡ്‌സ് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്നുണ്ട്. ജയിച്ചാൽ ഇന്ത്യയ്ക്ക് ഫൈനലിൽ ഇവരിൽ ഒരാളെയാവും നേരിടേണ്ടി വരിക. ജർമ്മനിയെ കീഴടക്കി ഫൈനൽ പ്രവേശം സാധ്യമാക്കിയാൽ പിന്നെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കലാശപ്പോര് അത്രയ്ക്ക് ബുദ്ധിമുട്ടേറിയതാവില്ല.
എന്നാൽ ഒരുപക്ഷേ മറിച്ചാണ് സംഭവിക്കുന്നതെങ്കിലോ? അവിടെയും ഇന്ത്യയെ കാത്ത് മെഡൽ അവസരമുണ്ട്. സെമിഫൈനലിൽ ഒരുപക്ഷേ ജർമ്മനിയോട് ഇന്ത്യ തോൽവി നേരിടേണ്ടി വന്നാൽ സ്വാഭാവികമായും സ്വർണം, വെള്ളി പ്രതീക്ഷകൾ അസ്‌തമിക്കും. അപ്പോഴും ഇന്ത്യയ്ക്ക് മുന്നിൽ മറ്റൊരു അവസരം നിലനിൽക്കുന്നു.
സെമിയിൽ തോൽക്കുന്നവർക്ക് ലൂസേഴ്‌സ് ഫൈനൽ പോരാട്ടത്തിൽ പങ്കെടുക്കേണ്ടി വരും. അതിൽ ജയിക്കുന്ന ടീമിന് വെങ്കല മെഡലും ഉറപ്പിക്കാം. ഒരുപക്ഷേ ഇന്ത്യ ജർമ്മനിയോട് തോൽവി വഴങ്ങിയാൽ സ്‌പെയിൻ-നെതർലാൻഡ്‌സ് പോരാട്ടത്തിൽ തോൽക്കുന്ന ടീമിനോട് ആവും എതിരിടേണ്ടി വരിക. അതിൽ ജയിച്ചാൽ വെങ്കലം നേടാം.
ഒളിമ്പിക്‌സ് സെമി ഫൈനൽ
ഇന്ന് രാത്രി നടക്കുന്ന ഒളിമ്പിക്‌സ് ഹോക്കി സെമി ഫൈനലിൽ പങ്കെടുക്കുന്ന ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളികൾ ഏറെയാണ്. ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ഇന്ത്യ അവസാന നാലിലെത്തിയത്. മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന്റെ വീരോചിതമായ പ്രകടനമായിരുന്നു ജയത്തിന് താങ്ങായത്. ബ്രിട്ടനെതിരെ ഭൂരിഭാഗം സമയവും പത്ത് പെരുമായാണ് ഇന്ത്യ കളിച്ചത്.
മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ അമിത് റോഹിദാസിന്റെ അഭാവമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന ആശങ്ക. താരത്തിന്റെ സസ്‌പെൻഷൻ മൂലം മത്സരത്തിലെ ഇന്ത്യയുടെ ലഭ്യത പതിനഞ്ച് താരങ്ങളായി ചുരുങ്ങി. അവരിൽ നിന്ന് വേണം ഇനി ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുക്കാൻ. എന്തായാലും ജർമ്മനിക്കെതിരെ രണ്ടും കൽപിച്ച് തന്നെയാണ് ഇന്ത്യ ഇറങ്ങുക എന്നുറപ്പാണ്.