For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2024: ഹോക്കിയിൽ പൊരുതിതോറ്റ് ഇന്ത്യ; ജർമ്മൻ കരുത്തിന് മുന്നിൽ കീഴടങ്ങി, ഇനി പോരാട്ടം വെങ്കലത്തിനായി

പാരീസ്: ഒളിമ്പിക്‌സിൽ നാല് പതിറ്റാണ്ടിന് ശേഷം ഫൈനലിൽ കടക്കാമെന്ന ഇന്ത്യൻ ഹോക്കി ടീമിന്റെ പ്രതീക്ഷകൾ അസ്‌തമിച്ചു. സെമിഫൈനലിൽ ജർമ്മനിയോട് തോറ്റതോടെയാണ് ഇന്ത്യയുടെ മോഹം അവസാനിച്ചത്. നന്നായി കളിച്ച ഇന്ത്യൻ ടീം തലയുയർത്തി തന്നെയാണ് മടങ്ങുന്നത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ജർമ്മനിയുടെ ജയം. 1980ലെ മോസ്‌കോ ഒളിമ്പിക്‌സിന് ശേഷം ഒരിക്കൽ കൂടി ഫൈനലിൽ എത്താമെന്ന ഇന്ത്യയുടെ മോഹമാണ് പൊലിഞ്ഞത്.

ഒന്നാം ക്വാർട്ടറിൽ തന്നെ ഇന്ത്യ ആക്രമണം ശക്തമാക്കിയിരുന്നു. തുടക്കം മുതൽ ഇന്ത്യൻ താരങ്ങൾ ജർമ്മൻ ഗോൾ മുഖത്തേക്ക് ഇരച്ചുകയറിയിരുന്നു. ഹർദിക് ഉൾപ്പെടെയുള്ള താരങ്ങൾ ഗോൾ പോസ്‌റ്റിന് അടുത്ത് നിരന്തരം ഭീഷണി സൃഷ്‌ടിച്ചു. ഒടുവിൽ പെനാൽറ്റി കോർണറുകളുടെ ഒരു നീണ്ട റാലിക്ക് ഒടുവിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ഏഴാം മിനിറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി നായകൻ ഹർമൻപ്രീത് സിംഗാണ് ഗോൾ കണ്ടെത്തിയത്. ഇന്ത്യയുടെ കഠിന പ്രയത്നത്തിന്റെ ഫലമായിരുന്നു ഈ ഗോൾ എന്ന നിസംശയം പറയാം.

indiavsgermanysemi

ഒന്നാം ക്വാർട്ടറിൽ കാര്യമായ അവസരം ഉണ്ടാക്കാൻ ജർമ്മൻ ടീമിനായില്ല. സർക്കിളിൽ കൂടുതൽ നാശം വിതച്ചത് ഹാർദിക്കും ഹർമൻപ്രീതും തന്നെയായിരുന്നു. പ്രതിരോധത്തിലും ഇന്ത്യ മികച്ചു നിന്നതോടെ ശ്രീജേഷ് കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. എന്നാൽ രണ്ടാം ക്വാർട്ടറിൽ ഇന്ത്യയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കാനായിരുന്നു ജർമ്മനിയുടെ ശ്രമം.

ഒടുവിൽ അവർ അതിൽ വിജയിച്ചു. തങ്ങളുടെ ആദ്യ ഗോൾ പതിനെട്ടാം മിനിറ്റിൽ തന്നെ അവർ നേടി. ഇതോടെ സ്‌കോർ സമനിലയിലായി. പിന്നീട് ഇന്ത്യ ലീഡിനായി കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ ജർമ്മൻ ഗോൾ പോസ്‌റ്റ് ലക്ഷ്യമാക്കി ഇന്ത്യൻ സംഘം കുതിച്ചു കയറി. എന്നാൽ ജർമ്മനിയുടെ പെനാൽറ്റി കോർണറുകളിലെ കാര്യക്ഷമത തന്നെയാണ് ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായത്.

ഒടുവിൽ ജർമ്മനി ആഗ്രഹിച്ച നിമിഷമെത്തി. തങ്ങൾക്ക് ലഭിച്ച വെറും രണ്ടാമത്തെ പെനാൽറ്റി കോർണർ തന്നെ അവർ ഗോളാക്കി മാറ്റി. ഇതോടെ സ്‌കോർ 2-1 നിലയിൽ. ഇന്ത്യൻ താരങ്ങളും കാണികളും സ്‌തബ്‌ധരായ നിമിഷം. ഒടുവിൽ മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ ജർമ്മനി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുൻപിൽ.

എന്നാൽ മൂന്നാം ക്വാർട്ടറിൽ ഇന്ത്യ ഉണർന്നു കളിച്ചു. നിരന്തരം ജർമ്മൻ ഗോൾ പോസ്‌റ്റ് ലക്ഷ്യമാക്കി അവർ കുതിച്ചു കൊണ്ടിരുന്നു. അതിന്റെ ഫലമായി തുടർച്ചയായ പെനാൽറ്റി കോർണറുകൾ വരികയും ചെയ്‌തു. ഒടുവിൽ ഇന്ത്യയുടെ കഠിന ശ്രമത്തിന് ഫലമുണ്ടായി. സമനില ഗോൾ പിറന്നു. സുഖജീത് സിംഗ് ആണ് ഇന്ത്യയ്ക്കായി സ്‌കോർ ചെയ്‌തത്‌.

എന്നാൽ നാലാം ക്വാർട്ടറിൽ ജർമ്മനി ഉണർന്നു കളിച്ചു. ഇന്ത്യൻ സർക്കിളിലേക്ക് അവർ ഇരച്ചുകയറി. ഒടുവിൽ മത്സരം തീരാൻ ആറ് മിനിറ്റുകൾ മാത്രം ശേഷിക്കെ മൂന്നാം ഗോൾ നേടി ജർമ്മനി ഇന്ത്യയുടെ ഹൃദയം തകർത്തു. ഗോൾ കീപ്പർ പിആർ ശ്രീജേഷിന് ഒരു അവസരവും നൽകാതെയായിരുന്നു ജർമ്മനിയുടെ ക്ലിനിക്കൽ ഫിനിഷ്.

നേരത്തെ ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്തായിരുന്നു ഇന്ത്യൻ ടീം സെമിയിലേക്ക് കടന്നത്. മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലായിരുന്നു മുന്നേറ്റം. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യൻ ടീം പക്ഷേ മത്സരം അവസാന നിമിഷം വരെ സമനിലയിൽ പിടിക്കുകയായിരുന്നു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ശ്രീജേഷ് ഒരിക്കൽ കൂടി ഇന്ത്യയുടെ രക്ഷകനായി. അതാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വഴി തുറന്നത്.

അതേസമയം, ആദ്യ സെമിയിൽ സ്പെയിനിനെ നെതർലാൻഡ്‌സ് തകർത്തെറിഞ്ഞിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഡച്ച് പടയുടെ ജയം. പൊരുതാൻ പോലുമാവാതെയാണ് സ്‌പെയിൻ മത്സരത്തിൽ നിരുപാധികം അടിയറവ് പറഞ്ഞത്. കൃത്യമായ ഇടവേളകളിൽ സ്‌കോർ ചെയ്‌ത ഡച്ച് മുന്നേറ്റ നിരയും, കടുംപൂട്ട് തീർത്ത പ്രതിരോധ നിരയുമാണ് ജയമൊരുക്കിയത്. ഇതോടെ ലൂസേഴ്‌സ് ഫൈനലിൽ ഇന്ത്യ സ്പെയിനിനെ നേരിടും.

Story first published: Wednesday, August 7, 2024, 0:20 [IST]
Other articles published on Aug 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+