Olympics 2024: ഹിജാബ് നിരോധനം, മോഷണം, ഡ്രോൺ പറത്തൽ; പാരീസ് ഒളിമ്പിക്‌സിന്റെ ശോഭ കെടുത്തുമോ ഈ വിവാദങ്ങൾ?
പാരീസ്: ലോക കായിക മാമാങ്കമായ ഒളിമ്പിക്‌സിന് ഇക്കുറി വേദിയാവുന്നത് പാരീസ് നഗരമാണ്. ഏഴായിരത്തിൽ അധികം താരങ്ങൾ പങ്കെടുക്കുന്ന വർണാഭമായ ചടങ്ങുകളോടെ പാരീസിൽ ഒളിമ്പിക്‌സിന് തിരി തെളിയാനിരിക്കെ മറുവശത്ത് വിവാദങ്ങളുടെ കുത്തൊഴുക്കാണ്. കൊള്ള മുതൽ ലൈംഗിക പീഡന ആരോപണം വരെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഒളിമ്പിക്‌സിനോട് ചേർത്തുവെച്ച് ഇക്കുറി വാർത്തകളിൽ ഇടം നേടിയത്.
ഒന്നും രണ്ടും ആരോപണങ്ങളോ വിവാദങ്ങളോ അല്ല ഒളിമ്പിക്‌സ് വേദിയെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായത്. ഒളിമ്പിക്‌സ് വില്ലേജിന് പുറത്തുള്ള സംഭവ വികാസങ്ങൾ മുതൽ, മത്സരങ്ങൾക്ക് ഇടയിൽ നടക്കുന്ന കാര്യങ്ങൾ വരെ പട്ടിക ദിനംപ്രതി വലുതാവുകയാണ്. അതിൽ ഏറ്റവും കൂടുതൽ വാർത്താപ്രാധാന്യം നേടിയ ചില സംഭവങ്ങൾ അറിയാം.

ലൈംഗിക പീഡന ആരോപണവും കൊള്ളയും
ഇത്തവണ ഓസ്‌ട്രേലിയയിൽ നിന്നുള്ളവർക്ക് പാരീസ് അത്ര നല്ല ഇടമായി തോന്നുന്നില്ല എന്നാണ് ഇതുവരെയുള്ള വാർത്തകൾ സൂചിപ്പിക്കുന്നത്. നേരത്തെ ഒരു ഓസീസ് വിനോദസഞ്ചാരിയെ അഞ്ച് അജ്ഞാത പുരുഷന്മാർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയർന്നിരുന്നു. ഇതോടെ മുഴുവൻ ടീമിനും അതീവ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
കൂടാതെ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു സംഘം ബ്രോഡ്‌കാസ്‌റ്റർമാർ മോഷണത്തിനും ഇരയായി. അവിടം കൊണ്ട് തീർന്നില്ല. 2020ലെ സ്വർണ മെഡൽ ജേതാവ് കൂടിയായ ബിഎംഎക്‌സ് സൈക്ലിസ്‌റ്റ് ലോഗൻ മാർട്ടിൻ തന്റെ മത്സരത്തിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊള്ളയടിക്കപ്പെട്ടു. ഇതോടെ തന്നെ പാരീസ് ഒളിമ്പിക്‌സ് വേദിയെ കുറിച്ചുള്ള വിവാദങ്ങൾ ആളിപടരുകയായിരുന്നു.
ഹിജാബ് നിരോധനം
ഫ്രാൻസ് തങ്ങളുടെ താരങ്ങൾ ഹിജാബ് ധരിക്കുന്നതിനെ വിലക്കിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ടീം അംഗങ്ങളിൽ ഒരാളായ സൗങ്കംബ സിലയോട് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകരുതെന്ന് ആവശ്യപ്പെടുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 4x400 മീറ്റർ വനിതാ റിലേ ടീമിന്റെ ഭാഗമായ സിലയുടെ വിഷയത്തിൽ ഇതുവരെ പരിഹാരം ആയിട്ടില്ലെന്നാണ് ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി പറയുന്നത്.
തന്ത്രങ്ങൾ അറിയാൻ ഒളിഞ്ഞുനോട്ടം
ഇത്തവണ ന്യൂസിലാൻഡ് ആണ് ഇരകളായ ടീം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലനം നടത്തുമ്പോൾ അനിധികൃതമായി ഒരു ഡ്രോൺ തങ്ങളെ നിരീക്ഷിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കനേഡിയൻ ടീമിലെ അംഗത്തെ അറസ്‌റ്റ് ചെയ്‌തതയാണു വിവരം. എതിർ ടീമിന്റെ രഹസ്യങ്ങൾ ചോർത്താനും തന്ത്രങ്ങൾ അറിയാനും വേണ്ടിയുള്ള ശ്രമമായിരുന്നു ഇത്. അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സംഭവം കാര്യമായി തന്നെ ആഘോഷിച്ചു.
കൂടാതെ അച്ചടക്കത്തിന്റെ കാര്യത്തിൽ അങ്ങേയറ്റം കണിശക്കാരായ ജപ്പാൻ തങ്ങളുടെ ഒരു ടീമംഗത്തെ നാട്ടിലേക്ക് തിരിച്ച് അയച്ച സംഭവവും വിവാദമായിരുന്നു. പത്തൊമ്പത് കാരനായ ഈ ജിംനാസ്‌റ്റിക് താരം ക്യാമ്പിൽ പുകവലിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്, ഇതും പാരീസ് ഒളിമ്പിക്‌സിന് കൂനിന്മേൽ കുരു പോലെയായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications