Olympics 2024: ഇറാഖിനെതിരെ മൂന്നടിച്ച് അർജന്റീനയുടെ വൻ തിരിച്ചുവരവ്; ഒട്ടാമെൻഡിക്കും കൂട്ടർക്കും തല ഉയർത്താം
പാരീസ്: ഒളിമ്പിക്‌സ് ഫുട്‍ബോളിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ജയവുമായി അർജന്റീന മുന്നോട്ട് കുതിക്കുന്നു. ഏഷ്യൻ വമ്പന്മാരായ ഇറാഖിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു അർജന്റീനയുടെ ജയം. അർജന്റീനയ്ക്ക് വേണ്ടി ജൂലിയൻ അൽവാരസ്, ലൂസിയാനോ ഗുണ്ടാവോ, ഇഗ്നേഷ്യോ ഫെർണാണ്ടസ് എന്നിവരാണ് ഗോൾ കണ്ടെത്തിയത്. ഇറാഖിന്റെ ആശ്വാസ ഗോൾ അയ്‌മെൻ ഹുസൈനാണ് നേടിയത്.
ഏഷ്യൻ കരുത്തരായ ഇറാഖിനെതിരെ തുടക്കം മുതൽ മികച്ച പ്രകടനമാണ് അർജന്റീന പുറത്തെടുത്തത്. കുറിയ പാസുകൾ ചേർത്തുവെച്ച് ഇറാഖിന്റെ ഫൈനൽ തേർഡിലേക്ക് കടന്നുകയറാനായിരുന്നു തുടക്കം മുതൽ അവരുടെ ശ്രമം. അത് പലപ്പോഴും ഒരു പരിധിവരെ വിജയിക്കുകയും ചെയ്‌തു. എന്നാൽ മറുവശത്ത് ലോങ്ങ് പാസുകളുമായി അർജന്റീനിയൻ പ്രതിരോധ കോട്ട കീഴടക്കാൻ ഇറാഖും നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു.

Pic Courtesy: Argentina National Football Team Twitter
ആദ്യ മിനിറ്റുകളിൽ ഇരു ടീമുകളും പന്ത് കൈവശം വയ്ക്കുന്നതിൽ കാര്യമായ ശ്രദ്ധ ചെലുത്തിയില്ല. എങ്കിലും ചിലപ്പോഴൊക്കെ അർജന്റീനയുടെ യുവനിര പ്രതിഭയുടെ മിന്നലാട്ടങ്ങൾ പ്രകടമാക്കിയിരുന്നു. ഒൻപതാം മിനിറ്റിൽ തിയാഗോ അൽമാടയുടെ ഫ്രീകിക്ക് ഗോൾ കീപ്പർ തട്ടിയകട്ടിയില്ലായിരുന്നെങ്കിൽ തീർച്ചയായും അതൊരു ഗോളിൽ കലാശിച്ചേനെ.
എന്നാൽ ആദ്യ ഗോൾ പിറക്കാൻ പിന്നീട് അധിക നേരം വേണ്ടി വന്നില്ല. ജൂലിയൻ അൽവാരസ് ആണ് അവർക്കായി ആദ്യ ഗോൾ നേടിയത്. ഇടതുവശത്ത് നിന്ന് ഉതിർത്ത അൽവാരസ് ഷോട്ട് കൃത്യമായി വല കടന്നു. ഇതോടെ ലീഡുമായി അർജന്റീന കളം പിടിച്ചു. പിന്നീട് അവർ ആക്രമണം ശക്തമാക്കി. രണ്ടാം ഗോളിനായി പകുതിയിൽ തന്നെ കിണഞ്ഞു പരിശ്രമിക്കുകയിരുന്നു അർജന്റീന.
പിന്നീട് അവരുടെ ഒന്നിലധികം മുന്നേറ്റങ്ങൾ ഇറാഖ് പ്രതിരോധത്തിൽ തട്ടി തകരുകയായിരുന്നു. ഇതിനിടയിൽ ഇറാഖും ഗോളിനായി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ഒടുവിൽ മത്സരം ആദ്യ പകുതിയുടെ ഇടവേളയോട് അടുത്തപ്പോഴാണ് ഇറാഖ് ആഗ്രഹിച്ച നിമിഷം വന്നത്. അധിക സമയത്തിൽ അയ്മെൻ ഹുസൈൻ ആണ് അവർക്ക് വേണ്ടി ഗോൾ നേടിയത്.
രണ്ടാം പകുതി ഇതോടെ കൂടുതൽ ആവേശകരമായി. സമനില പോലും തങ്ങൾക്ക് മുന്നോട്ടുള്ള വഴിയടക്കുമെന്ന് ഒട്ടാമെൻഡിക്കും കൂട്ടർക്കും കൃത്യമായ ബോധ്യം ഉണ്ടായിരുന്നത് കൊണ്ടാവണം അവർ ഇറാഖ് ബോക്‌സ് ലക്ഷ്യമാക്കി നിരന്തരം കുതിക്കുകയായിരുന്നു. അൻപത്തിനാലാം മിനിറ്റിൽ രണ്ടാം ഗോളിന് അടുത്തെതെയെങ്കിലും അൽമാഡയ്ക്ക് ഒരിക്കൽ കൂടി ലക്ഷ്യം ഭേദിക്കാനായില്ല,
ഒടുവിൽ അർജന്റീനയ്ക്ക് ആശ്വാസ ഗോൾ കൊണ്ട് വന്നത് ലൂസിയാനോ ഗുണ്ടാവോ ആണ്. മത്സരത്തിന്റെ അറുപത്തിരണ്ടാം മിനിറ്റിൽ ആയിരുന്നു ഗുണ്ടാവോയുടെ കിടിലൻ ഹെഡർ ഗോൾ പിറന്നത്. കെവിൻ സെനോണിന്റെ പാസ് കൃത്യമായി തലവെച്ചുകൊടുത്ത ഗുണ്ടാവോ ടീമിനെ അനിവാര്യമായ ഗോളും മത്സരത്തിലെ മുൻതൂക്കവും സമ്മാനിച്ചു.
പിന്നീട് ലീഡ് ഉയർത്താൻ അർജന്റീനയും സമനില പിടിക്കാൻ ഇറാഖും ശ്രമിച്ചു കൊണ്ടേയിരുന്നു. എങ്കിലും അർജന്റീനയ്ക്ക് തന്നെയായിരുന്നു മേൽക്കൈ. ഇതിനിടയിൽ പറ്റാവുന്ന മാറ്റങ്ങൾ എല്ലാം ഫോർമേഷനിലും ടീമിലും ഒക്കെ ഇറാഖ് വരുത്തി. ഒടുവിൽ 84ആം മിനിറ്റിൽ ഒരിക്കൽ കൂടി അർജന്റീന ലക്ഷ്യം കാണുകയായിരുന്നു. ഇഗ്നേഷ്യോ ആയിരുന്നു ഇത്തവണ സ്‌കോർ ചെയ്‌തത്. ഏഴ് മിനിറ്റ് അധിക സമയത്തിന് ശേഷം ഫൈനൽ വിസിൽ മുഴങ്ങിയപ്പോഴാണ് അർജന്റീനയ്ക്ക് ശ്വാസം നേരെ വീണത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications