ടോക്കിയോ: ഇനിയിപ്പം രണ്ടു ദിവസമല്ലേയുള്ളൂ, ഒളിമ്പിക്‌സ് എന്തായാലും നടക്കുമെന്ന് ഉറപ്പിക്കാന്‍ വരട്ടെ. കോവിഡ് വ്യാപനം രൂക്ഷമായാല്‍ അവസാന നിമിഷവും ഒളിമ്പിക്‌സ് റദ്ദുചെയ്യാനുള്ള സാധ്യത ടോക്കിയോ ഒളിമ്പിക്‌സ് സംഘാടകര്‍ മുന്നില്‍ കാണുന്നു. ഒളിമ്പിക്‌സ് വില്ലേജില്‍ ഓരോ ദിവസവും കൂടുതല്‍ കായിക താരങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയാണ്. വെള്ളിയാഴ്ച്ചയാണ് സംഭവബഹുലമായ ഉദ്ഘാടന പരിപാടികള്‍. പക്ഷെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാന സ്‌പോണ്‍സര്‍മാരും ആരുംതന്നെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കില്ല.

നിലവിലെ സാഹചര്യത്തില്‍ ഒളിമ്പിക്‌സ് നടക്കുമോയെന്ന ചോദ്യത്തിന് അവസാന നിമിഷവും ഒളിമ്പിക്‌സ് റദ്ദുചെയ്യപ്പെടാമെന്ന സൂചനയാണ് ടോക്കിയോ ഒളിമ്പിക്‌സ് സംഘാടന മേധാവി ടോഷിറോ മൂട്ടോ ചൊവാഴ്ച്ച നല്‍കിയത്. ഓരോ ദിവസത്തെയും കോവിഡ് വ്യാപനം നിരീക്ഷിച്ചു വരികയാണ്. കോവിഡ് കേസുകളുടെ എണ്ണം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ അഞ്ചംഗ സമിതി കൂടിയാലോചിച്ച് ഒളിമ്പിക്‌സ് നടത്തണോയെന്ന് പുനഃപരിശോധിക്കും, മൂട്ടോ പറഞ്ഞു. കഴിഞ്ഞവര്‍ഷം കോവിഡ് ഭീതിയെത്തുടര്‍ന്നാണ് ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിവെച്ചത്. ഇത്തവണ ഒഴിഞ്ഞ സ്റ്റേഡിയങ്ങളിലാണ് ടോക്കിയോ ഒളിമ്പിക്‌സ് നടക്കുക.
ജൂലായ് മാസം ഇതുവരെ 67 കോവിഡ് കേസുകള്‍ ഗെയിംസ് വില്ലേജില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പറഞ്ഞുവരുമ്പോള്‍ വാക്‌സിനേഷന്‍ നടപടികള്‍ വൈകിയ വികസിത രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍. എട്ടു ലക്ഷത്തില്‍പ്പരം ആളുകള്‍ക്ക് ഇവിടെ കോവിഡ് ബാധിച്ചിരുന്നു. 15,055 കോവിഡ് മരണങ്ങളും ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടോക്കിയോയില്‍ കോവിഡ് വ്യാപനം വീണ്ടും പിടിമുറുക്കുന്നതാണ് പുതിയ ആശങ്ക. ചൊവാഴ്ച്ച 1,387 പുതിയ കോവിഡ് കേസുകള്‍ കൂടി ടോക്കിയോയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നതിനെതിരെ ജനരോഷം ജപ്പാനില്‍ ഇരമ്പുന്നുണ്ട്. നിലവിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ജനത്തിന് അതൃപ്തിയുണ്ട്. ഇതിനിടെ വിദേശത്ത് നിന്നും വലിയ സംഘങ്ങള്‍ കടന്നുവരുന്നത് ജപ്പാനിലെ കോവിഡ് ബാധ രൂക്ഷമാക്കുമെന്ന ആശങ്ക ഇവര്‍ പങ്കുവെയ്ക്കുന്നു.
വെള്ളിയാഴ്ച്ചയാണ് ഉദ്ഘാടന ചടങ്ങുകളെങ്കിലും വ്യാഴാഴ്ച്ച ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്ക് തുടക്കമാവും. പ്രധാന സ്‌പോണ്‍സര്‍മാരായ പാനസോണിക് കോര്‍പ്പറേഷന്‍, ഫുജിറ്റ്‌സു ലിമിറ്റഡ്, എന്‍ഇസി കോര്‍പ്പറേഷന്‍ കമ്പനികള്‍ ഉദ്ഘാടന പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കിടെയുള്ള ടിവി പരസ്യങ്ങളില്‍ നിന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനും തിങ്കളാഴ്ച്ച പിന്‍മാറി.