ടോക്കിയോ: ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണം, വെള്ളി മോഹങ്ങള്‍ക്ക് തിരിച്ചടി. പുരുഷന്മാരുടെ 65 കിലോ വിഭാഗം സെമി ഫൈനലില്‍ ബജ്‌റംഗ് പൂനിയക്ക് തോല്‍വി. അസര്‍ബൈജാന്റെ ഹജി അലിയേവിനോടാണ് ബജ്‌റംഗ് പൂനിയ കീഴടങ്ങിയത്. സ്‌കോര്‍: 12-5. കഴിഞ്ഞ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ ജേതാവായ അലിയേവിന് മത്സരത്തിലുടനീളം പൂനിയക്ക് മേല്‍ ആധിപത്യം നേടാന്‍ സാധിച്ചു.
ആദ്യ പീരിയഡില്‍ 1-4 എന്ന നിലയ്ക്ക് ബജ്‌റംഗ് പൂനിയ പിന്നിലായി. രണ്ടാം പീരിയഡില്‍ 3-8 എന്ന നിലയിലേക്ക് പോയിന്റ് നിലയെത്തിക്കാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചെങ്കിലും അവസാന ഘട്ടത്തില്‍ അലിയേവ് പിടിമുറുക്കി. സെമിയില്‍ തോറ്റ സാഹചര്യത്തില്‍ ഇനി വെങ്കല മെഡലിനായാണ് ബജ്‌റംഗ് പൂനിയ മത്സരിക്കുക.

നേരത്തെ, ഇറാനിയന്‍ താരം മോതര്‍ത്തേസ ഘിയാസിയെ 2-1 എന്ന നിലയ്ക്ക് കീഴടക്കിയാണ് ഇന്ത്യന്‍ താരം സെമി പ്രവേശം ഉറപ്പാക്കിയത്. മത്സരത്തിന്റെ ഏറിയ പങ്കും മേല്‍ക്കൈ ഘിയാസിക്കായിരുന്നു. 0-1 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട പൂനിയ അവസാന നിമിഷത്തില്‍ നിര്‍ണായക രണ്ടു പോയിന്റുകള്‍ കരസ്ഥമാക്കി അട്ടിമറി ജയം കുറിച്ചു. നിലവില്‍ രണ്ടു താരങ്ങള്‍ മാത്രമേ ഒളിമ്പിക്‌സ് ഗുസ്തി ഫൈനലില്‍ പങ്കെടുത്തിട്ടുള്ളൂ. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സുശീല്‍ കുമാറും ഇപ്പോഴത്തെ ടോക്കിയോ ഒളിമ്പിക്‌സില്‍ രവി ദാഹിയയും ഈ പട്ടികയിലുണ്ട്.
പ്രീ-ക്വാര്‍ട്ടറില്‍ കിര്‍ഗിസ്താന്റെ എര്‍നാസര്‍ അക്മതാലീവിനെ പരാജയപ്പെടുത്തിയാണ് ബജ്‌റംഗ് പൂനിയ മുന്നോട്ടുള്ള റൗണ്ടുകളിലേക്ക് കടന്നത്. ഇതേസമയം, താരത്തിന്റെ പ്രീ-ക്വാര്‍ട്ടര്‍ ജയത്തിന് വലിയ മനോഹരിതയുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തില്‍ എതിരാളിയെ തറപ്പറ്റിച്ച് 3-1 എന്ന ലീഡ് കയ്യടക്കിയ പൂനിയ രണ്ടാം ഘട്ടത്തില്‍ രണ്ടു തവണ പുഷ് ഔട്ട് പോയിന്റുകള്‍ വിട്ടുനല്‍കി. ഇതോടെ മത്സരം ഒപ്പത്തിനൊപ്പമായി. എന്നാല്‍ ടൂ പോയിന്റര്‍ ടേക്ക് ഡൗണ്‍ ഉള്ളതുകൊണ്ടു മാത്രം ബജ്‌റംഗ് പൂനിയ വിജയിയായി.
ഗുസ്തിയില്‍ ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറിയ വനിതാ താരം സീമ ബിസ്‌ലയ്ക്ക് കാര്യമായ നേട്ടങ്ങള്‍ കുറിക്കാനായില്ല. ടുണീഷ്യയുടെ സാറാ ഹമീദിയുടെ പ്രതിരോധ കെണിയില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയാതെ ഇന്ത്യന്‍ താരം 50 കിലോ വിഭാഗത്തില്‍ നിന്നും പുറത്തായി. ഹമീദിയുടെ ബോഡി ലോക്ക് വിടുവിക്കാന്‍ 27 -കാരിയായ ബിസ്‌ലയ്ക്ക് സാധിച്ചില്ല. മത്സരത്തില്‍ ഒരു ഘട്ടത്തില്‍പ്പോലും ശക്തമായ ആക്രമണം നടത്താന്‍ ബിസ്‌ലയെ ഹമീദി അനുവദിച്ചില്ല. ഹമീദി കുറിച്ച മൂന്നു പോയിന്റില്‍ രണ്ടും പുഷ് ഔട്ടിലൂടെയാണ് നേടിയത്. എന്തായാലും ഹമീദി ഫൈനലില്‍ എത്തുകയാണെങ്കില്‍ സീമ ബിസ്‌ലയ്ക്ക് റെപ്പാഷെ റൗണ്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കും.
വനിതകളുടെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തിലും ഇന്ത്യയ്ക്ക് നിരാശയാണ്. ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി 17 ആം സ്ഥാനത്ത് മത്സരം ഫിനിഷ് ചെയ്തു. ഒരു മണിക്കൂറും 32 മിനിറ്റും 36 സെക്കന്‍ഡും കൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ മറ്റൊരു താരമായ ഭാവ്‌ന ജാട്ട് ഒരു മണിക്കൂറും 37 മിനിറ്റും 38 സെക്കന്‍ഡും കുറിച്ച് 32 ആം സ്ഥാനം കണ്ടെത്തി. ഇറ്റലിയുടെ ആന്റോണല പാല്‍മിസാനോയാണ് ഈ ഇനത്തില്‍ സ്വര്‍ണം അണിഞ്ഞത്. കൊളംബിയയുടെ സാന്ദ്ര ലൊറനോ അറീനാസ് വെള്ളിയും ചൈനയുടെ ഹോങ് ലിയു വെങ്കലവും കരസ്ഥമാക്കി.
രാവിലെ വനിതകളുടെ ഹോക്കിയിലും ഇന്ത്യയ്ക്ക് വെങ്കല നേട്ടം നഷ്ടമായത് കാണാം. ഇന്ത്യയെ നാലിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബ്രിട്ടീഷ് പട കീഴടക്കിയത്. ഒരു ഘട്ടത്തില്‍ രണ്ടു ഗോളിന് പിന്നിലായ ശേഷം ഉജ്ജ്വല തിരിച്ചുവരവ് നടത്തിയ ഇന്ത്യ അവസാന ക്വാര്‍ട്ടറില്‍ നിറം മങ്ങുകയായിരുന്നു. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ രണ്ടു തവണ ഗോള്‍ കുറിച്ചു. വന്ദന കത്താരിയ ഒരു ഗോളും കണ്ടെത്തി. മറുഭാഗത്ത് എലന റേയര്‍, സാറ റോബര്‍സ്റ്റണ്‍, ഹോളി പിയേണ്‍ വെബ്ബ്, ഗ്രേസ് ബാള്‍സ്ണ്‍ എന്നിവര്‍ ബ്രിട്ടണിന്റെ ഗോള്‍ സ്‌കോറര്‍മാരായി.