ടോക്കിയോ: ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ഇനി രണ്ടു ദിവസം മാത്രം. ഒളിമ്പിക്‌സ് ഗെയിംസ് വില്ലേജില്‍ ഇന്ത്യന്‍ സംഘം തകൃതിയായി ഒരുക്കങ്ങള്‍ നടത്തുകയാണ്. ഇതേസമയം, വില്ലേജിലെ താമസവുമായി ബന്ധപ്പെട്ട് ഒരുപിടി ആവശ്യങ്ങള്‍ ഇന്ത്യന്‍ എംബിസിയിലേക്ക് കായിക താരങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മുറികളിലേക്ക് ഇലക്ട്രിക് കെറ്റില്‍ വേണമെന്നതാണ് ഇതില്‍ പ്രധാനം. നിലവില്‍ മുറികളില്‍ കെറ്റിലുകളില്ല. മുറിയില്‍ ചൂട് വെള്ളം തയ്യാറാക്കാന്‍ നൂറിലധികം ഇലക്ട്രിക് കെറ്റിലുകളാണ് ഇന്ത്യന്‍ സംഘം എംബസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഞായറാഴ്ച്ചയാണ് ഇന്ത്യന്‍ സംഘത്തിലെ ഭൂരിപക്ഷം താരങ്ങളും ടോക്കിയോയില്‍ എത്തിയത്. താരങ്ങള്‍ക്ക് രാവിലെ കുടിക്കാന്‍ ചൂടുവെള്ളം വേണം. ഇതിനായി ഇലക്ട്രിക് കെറ്റിലുകള്‍ വേണമെന്ന് ഇന്ത്യന്‍ എംബസിയോട് ആവശ്യപ്പെട്ടതായി ഇന്ത്യന്‍ പ്രതിനിധി പ്രേം വര്‍മ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. താമസ സൗകര്യത്തെച്ചൊല്ലി ഇന്ത്യന്‍ ക്യാംപില്‍ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. നിലവില്‍ മൂന്നുദിവസത്തില്‍ ഒരിക്കലാണ് വീട്ടുപരിചരണത്തിനായി ജീവനക്കാര്‍ എത്തുന്നത്. കോവിഡ് കാലത്ത് രോഗവ്യാപനം തടയാന്‍ വേണ്ടിയാണിത്. ഇതേസമയം, ദിവസവും താമസസ്ഥലം വൃത്തിയാക്കണമെന്ന് ആവശ്യപ്പെടുന്ന താരങ്ങള്‍ക്ക് വേണ്ട സഹായം സംഘാടകര്‍ ചെയ്തുനല്‍കും.

ദിവസവും മാറ്റി ഉപയോഗിക്കാവുന്ന ടൗവല്‍ താരങ്ങള്‍ക്കായി ഒളിമ്പിക്‌സ് സംഘാടകര്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയടക്കം ലോകത്തെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ഷണ വൈവിധ്യവും ഒളിമ്പിക്‌സ് വില്ലേജില്‍ ലഭ്യമാണ്. ടോക്കിയോ ഒളിമ്പിക്‌സിലെ ഭക്ഷണം കുഴപ്പമില്ലെന്ന് ഇന്ത്യന്‍ പാഡില്‍ താരം ജി സത്യന്‍ പിടിഐയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ 'ദേശീ' ഭക്ഷണം കൂടുതല്‍ മെച്ചപ്പെടുത്താമെന്ന നിര്‍ദ്ദേശമാണ് ടീമിലെ മറ്റൊരു പരിശീലകന്‍ അറിയിച്ചത്. കോണ്ടിനന്റല്‍ അല്ലെങ്കില്‍ ജാപ്പനീസ് ഭക്ഷണം കഴിക്കാനും ഇദ്ദേഹം താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഭക്ഷണം പലപ്പോഴും കൃത്യമായി പാകം ചെയ്തിട്ടില്ലെന്നതാണ് പ്രധാന ആക്ഷേപം. എന്തായാലും ഭക്ഷണ ക്രമീകരണങ്ങളെച്ചൊല്ലി വലിയ തര്‍ക്കങ്ങള്‍ ഇക്കുറി ഒളിമ്പിക്‌സ് വിലേജിലില്ല.
പരിശീലനത്തിന് മുന്‍പായി സ്രവ സാമ്പിളുകള്‍ എടുക്കാനുള്ള ടെസ്റ്റ് കിറ്റുകള്‍ സംഘാടകര്‍ കായിക താരങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ഓരോ തവണയും താരങ്ങള്‍ പരിശീലനത്തിന് പോകും മുന്‍പ് സാമ്പിളുകള്‍ ഒളിമ്പിക്‌സ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കണം. നിലവില്‍ ഓരോ ദിവസവുമാണ് സംഘാടകര്‍ ടെസ്റ്റ് കിറ്റുകള്‍ നല്‍കുന്നത്. അഞ്ച് ദിവസത്തേക്കുള്ള കിറ്റ് ഒരുമിച്ച് വേണമെന്ന ആവശ്യം ഇന്ത്യന്‍ സംഘം ഉന്നയിച്ചിട്ടുണ്ട്.