പരിശീലന സമയത്തില്‍ 'കല്ലുകടി', ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ താരങ്ങള്‍ക്ക് നിരാശ
ടോക്കിയോ: ഒളിമ്പിക്‌സിന് രണ്ടു നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ പരിശീലന സമയത്തെച്ചൊല്ലി ഇന്ത്യന്‍ ക്യാംപില്‍ ആശയക്കുഴപ്പം. ബുധനാഴ്ച്ച ഇന്ത്യയുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ താരങ്ങള്‍ക്ക് കേവലം 20 മിനിറ്റ് മാത്രമാണ് അസാക ഷൂട്ടിങ് റേഞ്ചില്‍ പരിശീലനം നടത്താന്‍ സമയം ലഭിച്ചത്. ഇതേസമയം, ഇന്ത്യയുടെ മറ്റു ഷൂട്ടിങ് താരങ്ങള്‍ക്ക് രണ്ടു മണിക്കൂറിലേറെ സമയം സംഘാടകര്‍ നല്‍കുകയും ചെയ്തു. ഇന്ന് അപൂര്‍വി ഛണ്ഡേല, എളവനില്‍ വാളരിവാന്‍ ഉള്‍പ്പെടെയുള്ള റൈഫിള്‍ ടീം അരമണിക്കൂര്‍ പോലും പരിശീലനം തികയ്ക്കാന്‍ സാധിക്കാതെ തിരിച്ചുകയറി. ജൂലായ് 24 -ന് റൈഫിള്‍ മത്സരങ്ങള്‍ തുടങ്ങാനിരിക്കെയാണ് പരിശീലനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം.

സമയ സ്ലോട്ടുകള്‍ അനുവദിച്ചതിലുള്ള പ്രശ്‌നമാണ് റൈഫില്‍ ടീമിന് വിനയായത്. നിലവില്‍ റൈഫിള്‍ ഇനത്തില്‍ മത്സരിക്കുന്ന എല്ലാ അത്‌ലീറ്റുകളും അസാക ഷൂട്ടിങ് റേഞ്ചിലാണ് പരിശലനം നടത്തുന്നതെന്ന് ഇന്ത്യന്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എഐ) വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ശനിയാഴ്ച്ചയാണ് വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മത്സരം. പുരുഷന്മാരുടെ 10 മീറ്റര്‍ റൈഫിള്‍ മത്സരങ്ങള്‍ക്ക് ഞായറാഴ്ച്ചയും തുടക്കമാവും. ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ എന്നിവരാണ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഒളിമ്പിക്‌സിന്റെ ആദ്യ രണ്ടു ദിവസങ്ങളില്‍ മത്സരക്രമം വരുന്നതുകൊണ്ട് എട്ടു ഷൂട്ടിങ് താരങ്ങള്‍ വെള്ളിയാഴ്ച്ചത്തെ ഉദ്ഘാടന ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കും.
സൗരഭ് ചൗധരി, അഭിഷേക് വേര്‍മ, അപൂര്‍വി, എളവനില്‍ എന്നിവര്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ ആദ്യ ദിവസം ഇറങ്ങും. മനു ഭാക്കര്‍, യശസ്വിനി സിങ് ദേസ്വാള്‍, ദീപക്, ദിവ്യാന്‍ഷ് എന്നിവര്‍ക്ക് രണ്ടാം ദിനവും മത്സരങ്ങളുണ്ട്. 15 അത്‌ലീറ്റുകള്‍ ഉള്‍പ്പെടെ 22 താരങ്ങളാണ് ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിലുള്ളത്. ജൂലായ് 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍. ഇതില്‍ ആദ്യ 10 ദിവസങ്ങളിലായാണ് ഷൂട്ടിങ് ഇനങ്ങള്‍ അരങ്ങേറുക. കോവിഡ് സാഹചര്യം കാരണം കാഴ്ച്ചക്കാരില്ലാതെയാണ് ഒളിമ്പിക്‌സ് മത്സരങ്ങള്‍ ഇത്തവണ നടക്കുന്നത്.
ഇന്ത്യന്‍ ഷൂട്ടിങ് സംഘം തിങ്കളാഴ്ച്ച ആദ്യ പരിശീലന സെഷന്‍ പൂര്‍ത്തിയാക്കിയിരുന്നു. 1964 ഒളിമ്പിക്‌സിലെ ഷൂട്ടിങ് മത്സരങ്ങള്‍ക്ക് വേദിയായ അസാക ഷൂട്ടിങ് റേഞ്ചുതന്നെയാണ് ഇത്തവണയും ഒരുങ്ങുന്നത്. ക്രൊയേഷ്യയുമായുള്ള ദൈര്‍ഘ്യമേറിയ പര്യടനത്തിന് ശേഷമാണ് ഇന്ത്യന്‍ ഷൂട്ടിങ് സംഘത്തിന്റെ ഒളിമ്പിക്‌സ് രംഗപ്രവേശം. ക്രൊയേഷ്യന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ മെയ് 29 മുതല്‍ ജൂണ്‍ 6 വരെ നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. നിലവില്‍ എട്ടു റൈഫിള്‍, അഞ്ച് പിസ്റ്റള്‍, രണ്ടു സ്റ്റീക്ക് ഷൂട്ടര്‍മാര്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ആറു പരിശീലകരും ഒരു ഫിസിയോതെറാപ്പിസ്റ്റും താരങ്ങള്‍ക്കൊപ്പമുണ്ട്. കോവിഡ് മഹാമാരിക്ക് മുന്‍പ് ഷൂട്ടിങ് ചാംപ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായിരുന്നു മേല്‍ക്കൈ. 2019 -ലെ ഐഎസ്എസ്എഫ് ലോകകപ്പില്‍ പ്രഥമ സ്ഥാനം നേടിയ ചരിത്രവും ഇന്ത്യന്‍ താരങ്ങള്‍ക്ക് പറയാനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications