ടോക്കിയോ: അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് നിരാശ. വെള്ളിയാഴ്ച്ച നടന്ന വ്യക്തിഗത പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ പാടെ നിറംമങ്ങി. പ്രവീണ്‍ ജാദവ് 31 ആം സ്ഥാനത്തും അത്താനു ദാസ് 35 ആം സ്ഥാനത്തും റാങ്കിങ് റൗണ്ട് പൂര്‍ത്തിയാക്കി. തരുണ്‍ദീപ് റായി 37 ആം സ്ഥാനത്താണ്. ദക്ഷിണ കൊറിയയുടെ ജെ ഡിയോക്ക് കിമ്മാണ് പട്ടികയില്‍ ഒന്നാമത്. 688 പോയിന്റുണ്ട് താരത്തിന്. അമേരിക്കയുടെ എലിസണ്‍ ബ്രാഡ്‌ലി 682 പോയിന്റുമായി രണ്ടാമതും ദക്ഷിണ കൊറിയയുടെ ജിന്യക്ക് ഓ 681 പോയിന്റുമായി മൂന്നാമതും സ്ഥാനം കണ്ടെത്തി.
ആദ്യ പകുതിയില്‍ അത്താനു ദാസും പ്രവീണ്‍ ദാസും 329 പോയിന്റ് വീതമാണ് കുറിച്ചത്. തരുണ്‍ ദീപ് റായി 323 പോയിന്റിലും ആദ്യ പകുതി പൂര്‍ത്തിയാക്കി. ദക്ഷിണ കൊറിയയുടെ ജെ ഡിയോക്ക് കിം 345 പോയിന്റുമായി ആദ്യ പകുതി വാഴുന്നത് കായിക പ്രേമികള്‍ കണ്ടു.

നേരത്തെ, അമ്പെയ്ത്തിലെ റാങ്കിങ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ദീപിക കുമാരി ഒന്‍പതാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. ദക്ഷിണ കൊറിയന്‍ താരം സാന്‍ ആന്‍ ഒളിമ്പിക് റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് ടോക്കിയോയില്‍ പ്രഥമ സ്ഥാനം കയ്യടക്കി.
720 -ല്‍ 663 പോയിന്റാണ് ദീപിക കുമാരി കണ്ടെത്തിയത്. മറുഭാഗത്ത് സാന്‍ ആന്‍ 680 പോയിന്റുമായി ഒന്നാമതെത്തി. മറ്റൊരു ദക്ഷിണ കൊറിയന്‍ താരമായ ചായൂങ് കാങ് സ്ഥാപിച്ച 673 പോയിന്റ് റെക്കോര്‍ഡാണ് വെള്ളിയാഴ്ച്ച സാന്‍ ആന്‍ പഴങ്കഥയാക്കിയത്. അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിലെ ആദ്യ മൂന്നു സ്ഥാനങ്ങളും ദക്ഷിണ കൊറിയന്‍ താരങ്ങളാണ് സ്വന്തമാക്കിയിട്ടുണ്ട്. 677 പോയിന്റുമായി ജാങ്ങും 675 പോയിന്റുമായി കാങ്ങും പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനം കയ്യടക്കി. മെക്‌സിക്കോയുടെ വലന്‍സിയയാണ് നാലാമത്. 674 പോയിന്റ് താരം കുറിച്ചു.
ഇനി ജൂലായ് 27 -ന് ഭൂട്ടാന്‍ താരം കര്‍മയുമായാണ് ദീപിക കുമാരിയുടെ എലിമിനേഷന്‍ റൗണ്ട്. റാങ്കിങ് റൗണ്ടിലെ ആദ്യ പകുതിയില്‍ 14 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമാണ് ഇന്ത്യന്‍ താരം ആദ്യ പത്തില്‍ കയറിയത്. ഇതേസമയം, അവസാന ഷോട്ടിലെ 7 സ്‌കോര്‍ പ്രകടനം ദീപികയെ ഒന്‍പതാം സ്ഥാനത്തേക്ക് വീണ്ടും പിന്തള്ളി. X-10-9-9-9-7 എന്നിങ്ങനെയാണ് താരത്തിന്റെ അവസാന സെറ്റ് സ്‌കോര്‍. നാല് 7 സ്‌കോറുമായാണ് ദീപിക യോഗ്യത റൗണ്ട് പൂര്‍ത്തിയാക്കിയത്.