നിലവിലെ ജേതാവെന്ന തലയെടുപ്പോടെ റാക്കറ്റേന്തിയ കെര്‍ബര്‍ എതിരാളിയെ നിലംതൊടീക്കാതെയാണ് മൂന്നാംറൗണ്ടില്‍ കെട്ടുകെട്ടിച്ചത്. യോഗ്യതാ മല്‍സരം കളിച്ചെത്തിയ ചെക്ക് റിപബ്ലിക്ക് താരം ക്രിസ്റ്റിന പ്ലിസ്കോവയെ കെര്‍ബര്‍ വാരിക്കളയുകയായിരുന്നു. സ്കോര്‍: 6-0, 6-4.
പ്രീക്വാര്‍ട്ടറില്‍ കെര്‍ബറിന് കാര്യമായ ഭീഷണിയുണ്ടാവാന്‍ സാധ്യതയില്ല. അമേരിക്കയുടെ അത്ര പ്രശസ്തയല്ലാത്ത കോക്കോ വാന്ഡെവെഗാണ് കെര്‍ബറെ കാത്തിരിക്കുന്നത്. കാനഡയുടെ യുജെനി ബൗച്ചാര്‍ഡിനെ 6-4, 3-6, 7-5ന് വാന്‍ഡെവെഗെ അട്ടിമറിക്കുകയായിരുന്നു.
ലോക ഒന്നാംനമ്പര്‍ പട്ടവുമായെത്തിയ ബ്രിട്ടീഷ് സ്റ്റാര്‍ മുറേ കിരീടമെന്ന ലക്ഷ്യത്തിലേക്കു മുന്നേറുകയാണ്. 31ാം സീഡായ അമേരിക്കയുടെ സാം ക്യുറെയെയാണ് മുറേ 6-4, 6-2, 6-4നു തകര്‍ത്തത്.
18ാം ഗ്രാന്റ്സ്ലാം തേടിയെത്തിയ സ്വിസ് ഇതിഹാസം ഫെഡറര്‍ അവസാന 16ല്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. 17ാം സീഡായി ടൂര്‍ണമെന്റിനെത്തിയ ഫെഡറര്‍ 10ാം സീഡായ ചെക്ക് റിപ്പബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെയാണ് 6-2, 6-4, 6-4നു തോല്‍പ്പിച്ചത്.
36 കാരിയായ അമേരിക്കയുടെ വീനസ് വില്ല്യംസ് എതിരാളികളെ പൊളിച്ചടുക്കി ടൂര്‍ണമെന്റില്‍ ഉജ്ജ്വല മുന്നേറ്റം തുടരുകയാണ്. മൂന്നാംറൗണ്ടില്‍ ചൈനയുടെ ഡുവാന്‍ യിങ്യിങിനെ വീനസ് 6-0, 6-1നു കെട്ടുകെട്ടിക്കുകയായിരുന്നു.
മൂന്നു മണിക്കൂറും 36 മിനിറ്റും നീണ്ട മാരത്തണ്‍ പോരാട്ടത്തിനൊടുവിലാണ് യാങ്കോവിച്ച് തലകുനിച്ചത്. എട്ടാം സീഡായ റഷ്യയുടെ സ്വറ്റ്ലാന കുസ്നെറ്റ്സോവയോടായിരുന്നു യാങ്കോവിച്ച് തോല്‍വി സമ്മതിച്ചത്. സ്കോര്‍: 6-4, 5-7, 9-7.
യാങ്കോവിച്ചിനെതിരേ ജയിക്കാനാവുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നുവെന്ന് മല്‍സരശേഷം കുസ്നെറ്റ്സോവ പറഞ്ഞു. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും സെറ്റില്‍ 0-3ന് പിന്നില്‍ നിന്ന ശേഷമാണ് റഷ്യന്‍ താരം മല്‍സരത്തിലേക്കു തിരിച്ചുവന്നത്.
ഉസ്ബെക്കിസ്താന് താരം ഡെനിസ് ഇസ്റ്റോമിനാണ് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും വലിയ അട്ടിമറി സൃഷ്ടിച്ചത്. നാലു മണിക്കൂറും 49 മിനിറ്റും നീണ്ട പോരാട്ടത്തില്‍ ഇസ്റ്റോമിന് 7-6, 5-7, 2-6, 7-6, 6-4ന് ജോക്കോവിച്ചിനെ ഞെട്ടിക്കുകയായിരുന്നു.
വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ സഖ്യം മൂന്നാംറൗണ്ടില്‍ കടന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്ട്രൈക്കോവയ്ക്കൊപ്പം മല്‍സരിച്ച സാനിയ ആസ്ത്രേലിയയുടെ സാമന്ത സ്റ്റോസര്‍-ചൈനയുടെ ഷുവെയ് സിയാങ് ജോടിയെയാണ് 6-1, 6-4നു തോല്‍പ്പിച്ചത്.
പുരുഷ സിംഗിള്‍സില്‍ അഞ്ചാം സീഡായ ജപ്പാന്റെ കെയ് നിഷിക്കോരി, 12ാം സീഡായ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ എന്നിവരും അവസാന 16ലേക്കു ടിക്കറ്റെടുത്തു.