സൗത്താംപ്ടണ്‍: അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ല. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 266 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. 445 റണ്‍സിന്റെ അസാധ്യ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ ബാറ്റിംഗ് നിരയുടെ കൂട്ടത്തകര്‍ച്ച കൂടിയായതോടെ അഞ്ചാം ദിനം കാലത്ത് തന്നെ തോല്‍വി സമ്മതിക്കുകയായിരുന്നു. വെറും 178 റണ്‍സിനാണ് പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിര കൂടാരം കയറിയത്.
52 റണ്‍സെടുത്ത് അജിന്‍ക്യ രഹാനെ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ പാര്‍ട്ട് ടൈം സ്പിന്നര്‍ മോയീന്‍ അലി ആറ് വിക്കറ്റോടെ ഇംഗ്ലണ്ടിന് വിജയശില്‍പിയായി. തലേന്നത്തെ സ്‌കോറിനോട് കൂടുതല്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കും മുന്‍പ് തന്നെ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയെയും ക്യാപ്റ്റന്‍ ധോണിയെയും നഷ്ടമായി. ഇരുവരും ആറ് വീതം റണ്‍സാണ് എടുത്തത്.

15 റണ്‍സെടുത്ത ജഡേജ കൂടി മടങ്ങിയതോടെ ബാക്കിയെല്ലാം പെട്ടെന്നായിരുന്നു. ഭുവനേശ്വര്‍ കുമാറും ഷമിയും പൂജ്യത്തിനും പങ്കജ് സിംഗ് 9 റണ്‍സിനും ഔട്ടായപ്പോള്‍ 52 റണ്‍സോടെ രഹാനെ പുറത്താകാതെ നിന്നു. ബാറ്റിംഗ് നിരയുടെ ഉത്തരവാദിത്തമില്ലായ്മയാണ് ഇന്ത്യയുടെ തോല്‍വി കനത്തതാക്കിയത്. ഒപ്പം ധോണിയുടെ പക്ഷപാതിത്വത്തോടെയുള്ള ടീം തിരഞ്ഞെടുപ്പും. ഏഴ് ബാറ്റ്‌സ്മാന്‍മാരെ കളിപ്പിച്ച ധോണി ഗൗതം ഗംഭീറിനെ ടീമില്‍ എടുക്കുന്നേയില്ല. പകരം കളിക്കുന്ന ശിഖര്‍ ധവാനാകട്ടെ തീരെ ഫോമിലുമല്ല.
ലോര്‍ഡ്‌സ് ടെസ്റ്റിലെ ഹീറോ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന നാലാം ടെസ്റ്റിലും കളിക്കില്ല. ഇഷാന്തിന്റെ പരിക്ക് ഇനിയും ഭേദമായിട്ടില്ല എന്ന് ധോണി പറഞ്ഞു. ഇഷാന്തിന് പകരം വന്ന പങ്കജ് സിംഗിന് വിക്കറ്റൊന്നും കിട്ടിയില്ല, പങ്കജ് മാത്രമല്ല ഇന്ത്യന്‍ ബൗളര്‍മാര്‍ എല്ലാവരും സൗത്താംപ്ടണില്‍ വന്‍ പരാജയമായിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇപ്പോള്‍ 1- 1 ന് സമനിലയാണ്.