ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മെഡല്‍ ജേതാക്കളായവര്‍ക്ക് ഇന്ത്യയില്‍ വീരോചിത സ്വീകരണം. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നും രാജ്യത്തെത്തിയ താരങ്ങള്‍ക്ക് അര്‍ഹിച്ച ആദരവാണ് ഇന്ത്യ ഒരുക്കിയിരുന്നത്. സ്വര്‍ണം, വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്ക്വാഷ് താരങ്ങളായ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലും ചെന്നൈയിലാണ് വിമാനമിറങ്ങത്. ഇരുവര്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ സ്വീകരണം ഒരുക്കി. ഇവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. സൗരവ് ഘോഷാലിനും ജോഷ്നയ്ക്കും 30 ലക്ഷം രൂപ വീതവും ദീപികയ്ക്ക് 60 ലക്ഷം രൂപയും നല്‍കും. അജന്ത ശരത് കമാലിനും സത്യനും പാരിതോഷികം നല്‍കുന്നുണ്ട്.
ഗെയിംസില്‍ 16 മെഡലുകള്‍ നേടിയ ഷൂട്ടിങ് സംഘത്തിന് ദില്ലിയില്‍ ദേശീയ റൈഫിള്‍ അസോസിയേഷന് സ്വീകരണം നല്കി. മേരി കോം നയിക്കുന്ന ബോക്സിങ് ടീമിനും സര്‍ക്കാരും ഫെഡറേഷനും സ്വീകരണമേകി. ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്സിനുമുളള ഒരുക്കമായിട്ടാണ് കായിക താരങ്ങള്‍ കോമണ്‍വെല്‍ത്തിനെ കാണുന്നത്. ഗോള്‍ഡ് കോസ്റ്റിലെ പ്രകടനം വരാനിരിക്കുന്ന ഗെയിംസുകളിലും കാഴ്ചവെക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.