പുടിയന്‍: ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം മനു ഭാക്കര്‍ സ്വര്‍ണം നേടി. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു കൗമാരതാരത്തിന്റെ സ്വര്‍ണനേട്ടം. ലോകകപ്പ് ഫൈനലിലെ ഇക്കുറി ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്. മത്സരത്തില്‍ 244.7 എന്ന സ്കോറില്‍ ജൂനിയര്‍ ലോകകപ്പ് റെക്കോര്‍ഡും മനു തകര്‍ത്തു. ലോകകപ്പ് ഫൈനലില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതയാണ് മനു. നേരത്തെ ഹീന സിദ്ധുവാണ് ഈ നേട്ടത്തിലെത്തിയത്.
ഇന്ത്യയുടെ മറ്റൊരു താരം യശസ്വിനി ദേശ്വാളും ഈ ഇനത്തില്‍ പങ്കെടുത്തിരുന്നെങ്കിലും ഫൈനലില്‍ ആറാം സ്ഥാനത്തായി. 241.9 സ്കോറോടെ സെര്‍ബിയയുടെ സൊരാന അരുനോവിച്ച് വെള്ളിയും 221.8 സ്കോര്‍ നേടി ചൈനയുടെ ക്വിയാന് വാങ് വെങ്കലവും സ്വന്തമാക്കി. അതേസമയം, കഴിഞ്ഞദിവസം മനു ഭാക്കറും രാഹി സര്‍ണോബത്തും വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ പുറത്തായിരുന്നു.
രോഹിത്തും പൊള്ളാര്‍ഡും ഇനി ചങ്ക്സല്ല!! തുടക്കം ട്വിറ്ററില്‍, പിന്നാലെ കാറില്‍ നിന്നിറക്കിവിട്ടു
പുരുഷന്മാരുടെ 10 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ അഭിഷേക് വര്‍മയും സൗരഭ് ചൗധരിയും ഫൈനലിലെത്തിയിട്ടുണ്ട്. അഭിഷേക് 588 പോയന്റും സൗരഭ് 581ഉം പോയന്റും നേടി. ഐഎസ്എസ്എഫ് നടത്തുന്ന വിവിധ ലോകകപ്പുകളില്‍ നിന്നാണ് വര്‍ഷാവസാനം ലോകകപ്പ് ഫൈനല്‍സിലേക്ക് താരങ്ങള്‍ യോഗ്യത നേടുന്നത്. മനു ഭാക്കറും സൗരഭ് ചൗധരിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ നേരത്തെ തന്നെ ഒളിമ്പിക്സിന് യോഗ്യത നേടിയിരുന്നു.