ജക്കാര്‍ത്ത: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന 2018ലെ യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ സ്വര്‍ണം നേടി. വനിതകളുടെ 10 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടിയ താരം യൂത്ത് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്നബഹുമതിയും സ്വന്തമാക്കി. യൂത്ത് ഒളിമ്പിക്സ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മൂന്നാം മെഡല്‍കൂടിയാണിത്. ഷാഹു മാനെ, മെഹൂലി ഘോഷ് എന്നിവര്‍ നേരത്തെ വെള്ളിമെഡല്‍ നേടിയിരുന്നു.
ഏഷ്യന്‍ ഗെയിംസില്‍ പ്രതീക്ഷകളുമായെത്തി നിരാശയോടെ മടങ്ങേണ്ടിവന്ന മനു മികച്ച പ്രകടനമാണ് യൂത്ത് ഒളിമ്പിക്സില്‍ പുറത്തെടുത്തത്. ഫൈനലില്‍ 236.5 പോയന്റുകള്‍ പതിനാറുകാരി നേടിയപ്പോള്‍ റഷ്യയുടെ ലാന എനിന വെള്ളിയും ജോര്‍ജിയയുടെ നിനോ ഖുത്സിബെര്ഡിസ് വെങ്കലവും സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസിലെ നിരാശ മറികടന്ന് ആത്മവിശ്വാസം വീണ്ടെടുക്കാനായതിന്റെ സന്തോഷത്തിലാണ് മനു.
ലോക ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടാന്‍ കഴിയാതിരുന്നതില്‍ അതിയായ ദു:ഖമുണ്ടായിരുന്നെന്ന് മനുവിന്റെ പിതാവ് പ്രതികരിച്ചു. മികവുറ്റ പ്രകടനം നടത്തിയിട്ടും മെഡല്‍ നേടാനായില്ല. ഒടുവില്‍ യൂത്ത് ഒളിമ്പിക്സില്‍ സ്വര്ണനേട്ടംതന്നെ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം നടത്താന്‍ ഇത് സഹായിക്കുമെന്ന് പിതാവ് രാംകിഷന് ഭാക്കര്‍ പറഞ്ഞു.
പൃഥ്വി ക്രിക്കറ്റിലെ എംബാപ്പെ!! ചിരിക്കാന്‍ വരട്ടെ... ഇരുവരും തമ്മില്‍ കൗതുകകരമായ സാമ്യങ്ങള്‍