കോഴിക്കോട്: വോളിബോള്‍ പ്രേമികളില്‍ ആവേശം വിതറി കോഴിക്കോട്ട് ദേശീയ സീനിയര്‍ വോളിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. ഫെബ്രുവരി 21 മുതല്‍ 28 വരെ സരോവരത്തിനു സമീപം മിനി ബൈപ്പാസില്‍ കാലിക്കറ്റ് ട്രേഡ് സെന്ററിലെ പ്രത്യേകം തയ്യാറാക്കുന്ന സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ടൂര്‍ണമെന്റിനുള്ള ടിക്കറ്റ് വില്‍പ്പന മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പരിസണ്‍സ് ചെയര്‍മാന്‍ ആന്‍ഡ് മാനെജിങ് ഡയരക്റ്റര്‍ എന്‍.കെ മുഹമ്മദലി, മലബാര്‍ ഗോള്‍ഡ് ഡയരക്റ്റര്‍ എം. മുജീബ് റഹ്മാന്‍, സൂര്യ മെഡിക്കല്‍സ് ഉടമ എം.ടി അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ആദ്യ ടിക്കറ്റുകള്‍ വാങ്ങി.
10,000 രൂപയുടെ ഡോണര്‍ ടിക്കറ്റും 1000 രൂപയുടെ സീസണ്‍ ടിക്കറ്റും 200 രൂപയുടെ ദിവസേന ചെയര്‍പാസുമാണ് ഉള്ളത്. കെഡിസി ബാങ്കിന്റെ എല്ലാ ശാഖകളിലും ആരാധന ടൂറിസ്റ്റ് ഹോമില്‍ ദേശീയ വോളി സംഘാടക സമിതി ഓഫിസിലും ടിക്കറ്റുകള്‍ ലഭിക്കും. 28 പുരുഷ ടീമും 25 വനിതാ ടീമുകളുമാണ് ദേശീയ സീനിയര്‍ വോളിബോളില്‍ മാറ്റുരയ്ക്കുന്നത്.

ഇതു നാലാം തവണയാണ് ദേശീയ വോളിബോളിനു കേരളം ആതിഥ്യം വഹിക്കുന്നത്. മുന്‍പ് 1980, 1992, 2001 വര്‍ഷങ്ങളില്‍ ദേശീയ വോളിക്ക് കേരളം വേദിയായിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പന ഉദ്ഘാടന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം. മെഹബൂബ് അധ്യക്ഷനായിരുന്നു. നാലകത്ത് ബഷീര്‍, ടി.വി ബാലന്‍, സി. സത്യന്‍ സംസാരിച്ചു.