ദില്ലി: ജൂനിയര്‍ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് സ്വര്‍ണം. ഇരുപതുകാരന് സാജന് ഭന്വാള് ആണ് 77 കിലോഗ്രാം ഗ്രീക്കോ റോമന്‍ ഗുസ്തിയില്‍ സ്വര്‍ണം നേടിയത്. നേരത്തെ അന്താരാഷ്ട്ര മത്സരങ്ങളില്‍ വെങ്കലം മാത്രം ലഭിച്ചിരുന്ന സാജന് ഒടുവില്‍ കഴിവ് തെളിയിക്കുന്ന പ്രകടനമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ പുറത്തെടുത്തത്.
തജിക്കിസ്ഥാന്‍, സൗത്ത് കൊറിയ, ഇറാന് താരങ്ങളെ മലര്‍ത്തിയടിച്ചായിരുന്നു ദേശീയ ചാമ്പ്യനായ സാജന്റെ സ്വര്‍ണനേട്ടം. ആദ്യമായി ഒരു സ്വര്‍ണം നേടാന്‍ കഴിഞ്ഞതില്‍ അത്യധികം സന്തോഷമുണ്ടെന്ന് സാജന് പറഞ്ഞു. എളുപ്പമായിരുന്ന മത്സരം. എന്നാല്‍, കുടുംബാംഗങ്ങളും സുഹൃത്തുക്കളും പരിശീലകനുമെല്ലാം വര്‍ഷങ്ങളായി കാത്തിരുന്ന സ്വര്‍ണമാണ് ഒടുവില്‍ ലഭിച്ചതെന്നും സാജന് പറഞ്ഞു.
ഹരിയാണയിലെ സോനിപത്തിലെ ദരിദ്ര കര്‍ഷക കുടുംബാംഗമായ സാജന് ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ഗോദയില്‍ ചുവടുറപ്പിച്ചത്. മകന് പരിശീലനത്തിനായി പിതാവ് മഹിപാല്‍ പലരില്‍നിന്നും കടംവാങ്ങിയാണ് കാര്യങ്ങള്‍ നടത്തിയത്. ഗുസ്തി അക്കാദമിയില്‍ ചേര്‍ന്നതോടെ സാജന്റെ കരിയര്‍ മാറുകയായിരുന്നു. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യനായതിന്റെ പിന്നാലെ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ജോലി കിട്ടുകയും ചെയ്തിട്ടുണ്ട് യുവ താരത്തിന്. സാജനെ കൂടാതെ മറ്റ് മൂന്ന് ഗുസ്തി താരങ്ങളും ഇന്ത്യയ്ക്കുവേണ്ടി ആദ്യദിനം മെഡല്‍ നേടിയിട്ടുണ്ട്.