ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിലും ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ പ്രതീക്ഷ തെറ്റിക്കാതെ ജിതു റായിയാണ് സ്വര്‍ണം നേടി. ഗെയിംസ് റെക്കോഡോടെയാണ് ജിതു റായിയുടെ സുവര്‍ണനേട്ടം. 235.1 പോയിന്റുമായി ജിതു ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഓസ്ട്രേലിയയുടെ കെറി ബെല്‍ 233.5 പോയിന്റുമായി വെള്ളി മെഡല്‍ നേടി. ഇതേ ഇനത്തില്‍ ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാള്‍ വെങ്കലവും നേടി. ഓം പ്രകാശ് 214.3 പോയിന്റ് സ്വന്തമാക്കി.
ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി ഉയര്‍ന്നു. ഗെയിംസ് മെഡല്‍ നിലയില്‍ കാനഡയെ കടത്തിവെട്ടി ഇന്ത്യ മൂന്നാംസ്ഥാനത്തെത്തി. എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ത്യ അഞ്ചാം ദിനം ഭാരോദ്വഹനത്തിലെ വെള്ളിയോടെയാണ് തുടങ്ങിയത്. പുരുഷന്മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ പ്രദീപ് സിങ്ങാണ് രാജ്യത്തിനുവേണ്ടി വെള്ളി നേടിയത്.
കഴിഞ്ഞ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ പ്രദീപ് 352 കിലോഗ്രാം ഭാരമുയര്‍ത്തിയാണ് ഇത്തവണ വെള്ളിമെഡല്‍ നേടിയത്. ഗെയിംസിന്റെ അഞ്ചാംദിനം ഇന്ത്യ കൂടുതല്‍ സ്വര്‍ണം പ്രതീക്ഷിക്കുന്നുണ്ട്. ബാഡ്മിന്റണ്‍ ടീം ഇനത്തിലും ഷൂട്ടിങ്ങിലും ഇന്ത്യ തിങ്കളാഴ്ച ഫൈനലില്‍ മത്സരിക്കുന്നു.