ജിഫു: ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. മലയാളി താരം ജിസ്ന മാത്യുവാണ് 400 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാമതെത്തിയത്. ജപ്പാനിലെ ജിഫുവില് നടക്കുന്ന മീറ്റില്‍ മിന്നുന്ന പ്രകടനമായിരുന്നു ജിസ്നയുടെത്. 54.26 സെക്കന്റില്‍ കൗമാരതാരം ഫിനിഷിങ് ലൈനിലെത്തി. 52.65 ആണ് ജിസ്നയുടെ ഇതിന് മുന്‍പുള്ള മികച്ച സമയം.
200 മീറ്ററിലും, 4x100 മീറ്ററിലും ജിസ്ന ഇവിടെ മത്സരിക്കുന്നുണ്ട്. 2017ല്‍ സീനിയര്‍ വിഭാഗത്തില്‍ മത്സരിച്ച താരം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. ഐഎഎഫ് ലോക ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യയ്ക്കുവേണ്ടി മത്സരിച്ചു. 2016ലെ റിയോ ഒളിമ്പിക്സില്‍ 4x400 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നു.
ശ്രീലങ്കന്‍ താരം ദില്‍ഷി കുമാരസിങ്കെയാണ് വെള്ളി നേടിയത്. ചൈനീസ് തായ്പേസ് താരം ജുയി ഹുസന്‍ വെങ്കലവും കരസ്ഥമാക്കി. മീറ്റില്‍ ഇന്ത്യ മൂന്നു വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ 10,000 മീറ്ററില്‍ കാര്‍ത്തിക് കുമാര്‍, വനിതകളുടെ 1,500 മീറ്ററില്‍ ദുര്‍ഗ പ്രമോദ്, പുരുഷന്മാരുടെ ഷോട്പുട്ടില്‍ ആഷിഷ് ഭലോത്തിയ എന്നിവരാണ് മെഡല്‍ നേടിയത്.