ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ജോയ് റൂട്ടും ജെയിംസ് ആന്റേഴ്‌സണും ടെസ്റ്റ് ക്രിക്കറ്റില്‍ പത്താം വിക്കറ്റില്‍ ലോക റെക്കോര്‍ഡ് പാര്‍ട്ണര്‍ഷിപ്പ് കുറിച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലാണ് ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്‌സ്മാനും ഫാസ്റ്റ് ബൗളറും ചേര്‍ന്ന് പുതിയ ചരിത്രം എഴുതിയത്.
കഴിഞ്ഞവര്‍ഷം ഇതേ മൈതാനത്ത് ഓസ്‌ട്രേലിയയുടെ ആഷ്ടന്‍ അഗറും ഫില്‍ ഹ്യൂഗ്‌സും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 163 എന്ന സ്‌കോറാണ് ഇരുവരും ചേര്‍ന്ന് പഴങ്കതയാക്കിയത്. ഇതേ ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സിലും ഭുവനേശ്വര്‍ കുമാറും(58) മുഹമ്മദ് ഷമിയും(51*) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. ഇവരുടെ 111 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 457 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ കണ്ടെത്തി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഒരവസരത്തില്‍ 298 റണ്‍സെടുക്കുമ്പോഴേക്കും 9 വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഈ അവസരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ കൂറ്റന്‍ ലീഡ് നേടുമെന്ന് തോന്നിച്ചെങ്കിലും അവസാന വിക്കറ്റിലെ അവിശ്വസനീയമായ ബാറ്റിംഗ് പ്രകടനത്തിന്റെ മികവില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിക്കഴിഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിന്റെ 137 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇരു ടീമുകളിലെയും അവസാന വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാകുന്നതും പതിനൊന്നാം ബാറ്റ്‌സ്മാന്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്നതും. പാര്‍ട്ണര്‍ഷിപ്പിനിടെ ജോയ് റൂട്ട് തന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയും ജെയിംസ് ആന്റേഴ്‌സണ്‍ തന്റെ ആദ്യ അര്‍ദ്ധ സെഞ്ച്വറിയും കരസ്ഥമാക്കി.