മാനന്തവാടി: മാനന്തവാടി പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ രാജ്യാന്തര മൗണ്ടന്‍ സൈക്ലിങ് ചാംപ്യന്‍ഷിപ്പിന് എട്ടിന് ശനിയാഴ്ച തുടക്കമാവും. ചാംപ്യന്‍ഷിപ്പിന് മുന്നോടിയായി ട്രയല്‍ റണ്‍ നടത്തി.എസ്റ്റേറ്റിലെ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ മൗണ്ടന്‍ സൈക്കിളിങിന് അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ ട്രാക്കിലായിരുന്നു ട്രയല്‍ റണ്‍ നടന്നത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ചാംപ്യന്‍ഷിപ്പ്.

സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് സാങ്കേതിക സഹകരണം നല്‍കുന്നത്. യൂണിയന്‍ സൈക്കിളിസ്റ്റ് ഇന്റര്‍ നാഷണലിന്റെയോ, സൈക്കില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ യുടേയോ അംഗീകാരമുള്ള സൈക്ലിസ്റ്റുകളാണ് മത്സരത്തില്‍ അണിനിരക്കുന്നത്. നാഷണല്‍ ലെവല്‍ ക്രോസ്‌കണ്‍ട്രിയില്‍ ആര്‍മി, റെയില്‍വേ, വിവിധ സംസ്ഥാനങ്ങള്‍ എന്നിവയില്‍ നിന്നും 40 സൈക്ലിസ്റ്റുകളാണ് ദേശീയ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്നത്. എം.ടി.ബി കേരള 2018യില്‍ ആദ്യമായി വനിതകളും ക്രോസ്‌കണ്‍ട്രി മത്സരത്തില്‍ മാറ്റുരക്കും. ദേശീയ തലത്തില്‍ 20 വനിത സൈക്ലിസ്റ്റുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഇത് അഞ്ചാം തവണയാണ് എം.ടി.ബി കേരള 2018 കേരളത്തില്‍ നടത്തുന്നത്. 2012ല്‍ തെന്‍മല, 2014ല്‍ പൊഴുതന, 2015ല്‍ പ്രിയദര്‍ശിനി മാനന്തവാടി, 2016ല്‍ കോട്ടൂര്‍ തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു ചാംപ്യന്‍ഷിപ്പ്.

യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണലിന്റെയോ സൈക്കിള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര ക്രോസ് കണ്‍ട്രി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപ നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും. നാല്, അഞ്ച് സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 25000, 20000 രൂപ വീതം നല്‍കും. ദേശീയതലത്തില്‍ പുരുഷ, വനിതാ വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരം നടത്തും. പുരുഷ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കും. രണ്ട്, മൂന്ന്, നാല് സ്ഥാനത്തെത്തുന്നവര്‍ക്ക് യഥാക്രമം 50000, 25000, 10000 രൂപാ വീതം നല്‍കും. വനിതാ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 50000 രൂപയും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക് 25000 രൂപയും നല്‍കും. മൂന്ന്, നാല് സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 20000, 15000 രൂപാ വീതം നല്‍കും. ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനായി ടൂറിസം വകുപ്പ് 60 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലാന്റ് ആസ്ഥാനമായ യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിര്‍ബന്ധനകള്‍ പാലിച്ചു കൊണ്ട് നടത്തുന്ന എം.ടി.ബി കേരള 2018 ല്‍ 11 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്റര്‍നാഷണല്‍ ക്രോസ്‌കണ്‍ട്രി കോമ്പ റ്റീഷനില്‍ പങ്കെടുക്കുന്നത്. ഓസ്ട്രേലിയ, ഇറാന്‍, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്റ്, ശ്രീലങ്ക, ഭൂട്ടാന്‍, ആര്‍മേനിയ, ഫിലിപ്പന്‍സ്,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും രണ്ട് സൈക്ലിസ്റ്റുകള്‍ വീതം മത്സരരംഗത്തുണ്ടാകും..