ദില്ലി: സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുടെ വനിതാ അമ്പെയ്ത്ത് ടീം ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് ഇന്ത്യന്‍ ടീം ഈ നേട്ടം കൈവരിക്കുന്നത്. ആന്റില്യ, ബെര്‍ലിന്‍ ലോകകപ്പകളില് വെള്ളിമെഡല്‍ നേടിയതോടെ 342.6 പോയന്റുമായി ഇന്ത്യയുടെ കോമ്പൗണ്ട് അമ്പെയ്ത്ത് ടീം ഒന്നാംസ്ഥാനത്തെത്തി. ചൈനീസ് തായ്പേയ് ആണ് രണ്ടാം സ്ഥാനത്ത്.
ജ്യോതി സുരേഖ, മുസ്കാന് കിരാര്‍ എന്നിവരാണ് ടീമിലെ സ്ഥിരാംഗങ്ങള്‍. ഇവര്‍ക്കൊപ്പം ആന്റില്യയില്‍ ദിവ്യ ദയാലും, ബെര്‍ലിനില്‍ തൃഷ ദേബും വെള്ളിമെഡല്‍ നേടി. മൂന്നുപേരടങ്ങുന്നതാണ് വനിതാ ടീം. നേരത്തെ ദീപികാ കുമാരി വ്യക്തിഗത ഇനത്തില്‍ ഒന്നാം റാങ്കിലെത്തിയിരുന്നെങ്കിലും ടീം ഇനത്തില്‍ ഈ നേട്ടം കൈവരിക്കുന്നത് ആദ്യമായാണ്.
ഒടുവില്‍ പുറത്തിറക്കിയ റാങ്കിങ്ങില്‍ വ്യക്തിഗത ഇനത്തില്‍ ദീപികയും, അഭിഷേക് വര്‍മയുമാണ് ആദ്യ പത്തില്‍ ഇടം പിടിച്ച ഇന്ത്യന്‍ താരങ്ങള്‍. ഇരുവരും ഏഴാം റാങ്കിലാണ്. അടുത്തമാസം ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസ് നടക്കാനിരിക്കെ താരങ്ങള്‍ ലോക റാങ്കിങ്ങില്‍ മുന്നിലെത്തിയത് ഇന്ത്യന്‍ സംഘത്തിന് ആത്മവിശ്വാസമുണ്ടാക്കും.