Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷോക്കിങ്... ഷൂട്ടിങ് റേഞ്ചിലെ ഇതിഹാസം ഇനിയില്ല!! 49ാം വയസ്സില്‍ വിടവാങ്ങി ജസ്പാല്‍ റാണ

ഇന്ത്യൻ കായികലോകത്തിന് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട് ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ വിടവാങ്ങി. ഇന്ത്യൻ ഷൂട്ടിങ് രംഗത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത പരിശീലകനുമായിരുന്ന അദ്ദേഹം, ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 49 വയസ്സായിരുന്നു.

റാണയുടെ അപ്രതീക്ഷിതമായ ഈ വിയോഗം കായിക പ്രേമികളെയും താരങ്ങളെയും ഒരുപോലെ ഞെട്ടലിലും ദുഃഖത്തിലും ആഴ്ത്തിയിരിക്കുകയാണ്. ജർമനിയിലെ മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ഡൽഹിയിലെത്തിയ ഉടൻ തന്നെ അദ്ദേഹത്തെ സാകേതിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹൃദയധമനികളിലെ തടസ്സം തിരിച്ചറിഞ്ഞ ഡോക്ടർമാർ അടിയന്തര സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും, വെള്ളിയാഴ്ച പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

JASPAL RANA

ഷൂട്ടിങ് രംഗത്ത് താരമായും പരിശീലകനായും ദീർഘകാലം നിറഞ്ഞുനിന്ന റാണയുടെ വിയോഗം ഇന്ത്യൻ കായിക ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് അന്ത്യം കുറിക്കുന്നത്.

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ച അദ്ദേഹം, പിന്നീട് പരിശീലകനായി മാറിയപ്പോൾ അവിടെയും നിറ സാന്നിധ്യമാവുകയും ഒട്ടേറെ യുവതാരങ്ങൾക്ക് വഴികാട്ടിയാവുകയും ചെയ്തു. .

ഇന്ത്യൻ ഷൂട്ടിങ്ങിനെ ലോകശ്രദ്ധയിലെത്തിച്ച താരം

പരിശീലകനായി ലോകം മുഴുവൻ അറിയപ്പെടുന്നതിന് മുൻപ് തന്നെ, ഷൂട്ടിങ് റേഞ്ചിലെ വമ്പൻ താരമായിരുന്നു ജസ്പാൽ റാണ. 1976 ജൂൺ 28-ന് ഉത്തരാഖണ്ഡിൽ ജനിച്ച അദ്ദേഹം ചെറുപ്പത്തിൽ തന്നെ കായികലോകത്ത് സ്വന്തം പേര് എഴുതിച്ചേർത്തിരുന്നു.

1994ൽ മിലാനിൽ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ ലോക റെക്കോർഡോടെ സ്വർണം നേടിയതോടെയാണ് റാണ രാജ്യാന്തര ശ്രദ്ധയിലേക്ക് വരുന്നത്. ഇതേ വർഷം ഏഷ്യൻ ഗെയിംസിലെ 25 മീറ്റർ സെന്റർ ഫയർ പിസ്റ്റൾ വിഭാഗത്തിൽ സ്വർണം നേടി അദ്ദേഹം തന്റെ വരവറിയിച്ചു.

തുടർന്നുള്ള 10 വർഷക്കാലം റാണയുടെ പ്രതാപകാലമായിരുന്നു. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ് തുടങ്ങി പങ്കെടുത്ത മിക്ക ടൂർണമെന്റുകളിലും മെഡലുകൾ വാരിക്കൂട്ടാൻ അദ്ദേഹത്തിനായി.

കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകൾ ഇന്ത്യക്കായി നേടിയ ഷൂട്ടർ എന്ന നേട്ടം ഇപ്പോഴും അദ്ദേഹത്തിന് സ്വന്തമാണ്. ഒൻപത് സ്വർണമടക്കം 15 മെഡലുകളാണ് കോമൺവെൽത്ത് വേദിയിൽ നിന്ന് മാത്രം അദ്ദേഹം സ്വന്തമാക്കിയത്.

റാണയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് 2006 ലെ ദോഹ ഏഷ്യൻ ഗെയിംസിലേത്. അവിടെ മൂന്ന് സ്വർണമെഡലുകൾ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിരുന്നു. ഈ നേട്ടങ്ങളെല്ലാം റാണയെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കായിക ബഹുമതികൾക്ക് അർഹനാക്കുകയും ചെയ്തു. വെറും 18-ാം വയസ്സിൽ അർജുന അവാർഡ് ഏറ്റുവാങ്ങിയ റാണയെ, മൂന്ന് വർഷങ്ങൾക്ക് ശേഷം പദ്മശ്രീ നൽകി ആദരിച്ചു.

JASPAL RANA MANU BHAKER

പരിശീലകനായി മാറിയ മാന്ത്രികൻ

ഷൂട്ടറെന്ന നിലയിൽ അതിശയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിച്ചെങ്കിലും, ഒരു പരിശീലകൻ എന്ന നിലയിലുള്ള ജസ്പാൽ റാണയുടെ സംഭാവനകൾ അതിലും വലിയതാണ്. 2012-ൽ ദേശീയ പരിശീലക സംഘത്തിന്റെ ഭാഗമായതോടെ ഇന്ത്യൻ ജൂനിയർ പിസ്റ്റൾ ഷൂട്ടിങ് പരിപാടിക്ക് വലിയൊരു ഉണർവ് ലഭിച്ചു.

സൗരഭ് ചൗധരി, അനിഷ് ഭൻവാല, ചിങ്കി യാദവ് തുടങ്ങിയവർ റാണയുടെ മാർഗനിർദ്ദേശങ്ങൾക്ക് കീഴിൽ വളർന്നുവന്ന മികച്ച ഷൂട്ടർമാരാണ്. എന്നാൽ, അദ്ദേഹത്തിന്റെ പരിശീലന ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ അധ്യായമായിരുന്നു മനു ഭാക്കറുമായുള്ള ബന്ധം.

ഉയർച്ച താഴ്ചകൾക്ക് സാക്ഷിയായ അവരുടെ കൂട്ടുകെട്ട് ഒടുവിൽ പാരീസിൽ ചരിത്രം രചിച്ചു. 2024-ലെ പാരീസ് ഒളിമ്പിക്സിൽ രണ്ട് വെങ്കല മെഡലുകൾ സ്വന്തമാക്കിയ മനു ഭാക്കർ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഒരേ ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ കായികതാരമായി മാറിയതിന് പിന്നിൽ റാണയുടെ വലിയ പങ്കുണ്ടായിരുന്നു

കോച്ചിങ് രംഗത്തെ അദ്ദേഹത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ, 2025 ഫെബ്രുവരിയിൽ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിന്റെ ഹൈ-പെർഫോമൻസ് കോച്ചായി റാണയെ നിയമിക്കുകയും ചെയ്തു. പരിശീലനരംഗത്തെ ഈ മികച്ച സംഭാവനകളെ മാനിച്ച് അഞ്ച് വർഷം മുമ്പ് ദ്രോണാചാര്യ അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Story first published: Friday, June 12, 2026, 14:10 [IST]
Other articles published on Jun 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+