For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യം പ്രോ വോളി ലീഗിലേക്ക് അടുക്കുന്നു; കാലിക്കറ്റ് ഹീറോസ് തയ്യാർ

കോഴിക്കോട്: ഫെബ്രുവരി 2-ന് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ പ്രോ വോളിബോള്‍ ലീഗിൽ ത്രസിപ്പിക്കുന്ന സ്മാഷുകളുമായി മാറ്റുരയ്ക്കാന്‍ രാജ്യത്തെ ആറ് ടീമുകളില്‍ ഒന്നായ കാലിക്കറ്റ് ഹീറോസ് ത ഒരുങ്ങി. സൂപ്പര്‍ ലീഗിലൂടെ ഫുട്‌ബോള്‍ ആവേശം തിരിച്ചു പിടിച്ചപോലെ രാജ്യത്ത് ഇതാദ്യമായി ആരംഭിക്കുന്ന പ്രോ വോളിബോളിലൂടെ കേരളത്തിന്റേയും മലബാറിന്റേയും ഈ പ്രിയങ്കരമായ വിനോദവും വന്‍മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയാകുമെന്ന് മലബാര്‍ ഹീറോസ് ടീമംഗങ്ങളെ അവതരിപ്പിച്ച് സംസാരിച്ച ക്ലബ് ഉടമ ബീക്കണ്‍ സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ സഫീര്‍ പി. ടി. പറഞ്ഞു.

ദേശീയ, അന്തര്‍ദേശീയ താരങ്ങളുള്‍പ്പെട്ട ഏറ്റവും മികച്ച ടീമിനെയാണ് തങ്ങള്‍ അവതരിപ്പിക്കുന്നതെന്നും തീ പാറുന്ന സ്മാഷുകളുമായി തങ്ങളുടെ ചുണക്കുട്ടികള്‍ ആദ്യ സീസണ്‍ വേദികളെ കിടിലം കൊള്ളിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് അന്തര്‍ദേശീയ താരങ്ങളും രണ്ട് അണ്ടര്‍ 21 ദേശീയ താരങ്ങളുമുള്‍പ്പെട്ട ടീമിനെ സഫീര്‍ അവതരിപ്പിച്ചു.

calicutvolleyball

യുഎസ് ദേശീയ ടീം അംഗവും ഇന്തോനേഷ്യയിലെ ലോകപ്രസിദ്ധ ക്ലബ്ബായ ജക്കാര്‍ത്ത ബിഎന്‍ഐ ടാപ്ലസിന്റെ മുന്‍നിര കളിക്കാരനും 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തിട്ടുള്ള താരവുമായ പോള്‍ ലോട്മാനാണ് (33) കാലിക്കറ്റ് ഹീറോസിലെ മുഖ്യതാരങ്ങളിലൊരാള്‍. കാലിഫോര്‍ണിയയില്‍ ജനിച്ച ലോട്മാന്‍ 2013-ലെ നോര്‍സെക ചാമ്പ്യനും 2008-ലെ പാന്‍ അമേരിക്കന്‍ കപ്പ്, 2014-ലെ വേള്‍ഡ് ലീഗ്, 2015-ലെ ലോകകപ്പ് എന്നീ മത്സരങ്ങളിലെ ഗോള്‍ഡ് മെഡല്‍ ജേതാവും മൂന്നു വര്‍ഷം (2012, 2013, 2015) പോളിഷ് ചാമ്പ്യനുമായിരുന്നു.

വിദേശതാരം

വിദേശതാരം

ആഫ്രിക്കന്‍ രാജ്യമായ ഡിആര്‍സിയില്‍ നിന്നുള്ള (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) ഇലൗനി ന്‍ഗംപൗരുവാണ് ടീമിലെ രണ്ടാമെത്ത വിദേശ താരം. ആറടി എട്ടിഞ്ച് ഉയരമുള്ള ന്‍ഗംപൗരുവിന്റെ 3.7 മീറ്റര്‍ എത്തുന്ന സ്‌പൈക്ക് ജംപ് ലോകപ്രസിദ്ധമാണ്. ഈജിപ്തിലെ പ്രീമിയര്‍ ലീഗ് ക്ലബ്ബായ താലാ എല്‍ ഗെയ്ഷ് അംഗമായ ഈ മിഡ്ല്‍ ബ്ലോക്കര്‍ 2018-ല്‍ ഈജിപ്തിലെ ഏറ്റവും മികച്ച ബ്ലോക്കറായിരുന്നു. ഇന്ത്യയെ ബ്രിക്‌സ് 2018-ല്‍ പ്രതിനിധീകരിച്ചിട്ടുള്ള അണ്ടര്‍ 21 ടീമംഗം കൂടിയായ ഹരിയാനയില്‍ നിന്നുള്ള ഗഗന്‍ കുമാറാണ് കാലിക്കറ്റ് ഹീറോസിന്റെ പ്രധാന അറ്റാക്കര്‍മാരില്‍ ഒരാള്‍. ഇടംകൈ ആക്രമണങ്ങളിലൂടെ പ്രസിദ്ധനായ സര്‍വീസസ് താരം നവീന്‍കുമാര്‍ (25) ദേശീയ വോളിബോള്‍ ക്യാമ്പുകളില്‍ നിന്നു നേടിയിട്ടുള്ള പരിചയ സമ്പത്തുമായാണ് കാലിക്കറ്റ് ഹീറോസിനു വേണ്ടി കോര്‍ട്ടിലിറങ്ങുക. ചാടിയുയര്‍ന്ന് പരമാവധി നേരം വായുവില്‍ നില്‍ക്കാനുള്ള കഴിവിലൂടെ ഹൈഡ്രജന്‍ ബോയ് എന്ന പേരു നേടിയ ദേശീയ ടീമിലെ അറ്റാക്കര്‍ അജിത്‌ലാല്‍ കരുത്തുറ്റ സ്മാഷുകള്‍ ഉതിര്‍ക്കുന്നതിലും വിദഗ്ധനാണ്. ബിപിസിഎല്‍ ടീമംഗം കൂടിയായ അജിത്‌ലാല്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് വിദ്യാര്‍ത്ഥി കൂടിയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള റെയില്‍വേസ് താരം വിപുല്‍ കുമാറാണ് കാലിക്കറ്റ് ഹീറോസിന്റെ സെറ്റര്‍മാരിലൊരാള്‍.

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്

ഫെഡറേഷന്‍ കപ്പിലും 67-ാമത് നാഷനല്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും കളിച്ചിട്ടുണ്ട്. കര്‍ണാടകയെ 67-ാമത് നാഷനല്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിച്ച ക്യാപ്റ്റന്‍ കാര്‍ത്തിക അശോക് അപൂര്‍വമായ ജംപ് സര്‍വീസുകളിലൂടെ പ്രസിദ്ധനാണ്. തമിഴ്‌നാടിന്റെ ബ്ലോക്കറായി കളിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള മറ്റൊരു താരമാണ് മനോജ് ലക്ഷ്മിപുരം മഞ്ജുനാഥ. ബിപിസിഎല്‍ ടീമിനു വേണ്ടി കളിക്കുന്ന എസ്ആര്‍എം യൂണിവേഴ്‌സിറ്റി താരം കൂടിയായ തമിഴ്‌നാട്ടില്‍ നിന്നുള്ള ജെറോം വിനീത് ചാള്‍സ് 67-ാമത് നാഷനല്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു. ബാക് ലൈന്‍ അറ്റാക്കിനും സര്‍വീസിനും പ്രസിദ്ധനായ വിനീത് കളിക്കളത്തിലെ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ക്കും മിടുക്കനാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള മറ്റൊരു താരമാണ് 18-കാരനായ ദേശീയ ടീമംഗം കൂടിയായ ബ്ലോക്കര്‍ സഞ്ജയ് ആന്റണി. ശക്തമായ സ്മാഷുകള്‍ക്കും വിദഗ്ധ പാസുകള്‍ക്കും പ്രസിദ്ധനായ രതീഷ് സി. കെയെ 9.8 ലക്ഷം രൂപയ്ക്കാണ് കാലിക്കറ്റ് ഹീറോസ് ലേലത്തില്‍ പിടിച്ചത്. ദേശീയ വോളിബോള്‍ ക്യാമ്പ് അനുഭവസമ്പത്തുമായെത്തുന്ന രതീഷ് കേരളത്തിലെ കോര്‍ട്ടുകളിലെ ജനപ്രിയ താരം കൂടിയാണ്. ജമ്മു കശ്മീര്‍ പോലീസ് ടീം കോച്ചായിരുന്ന സജാദ് ഹുസൈന്‍ മാലികാണ് കാലിക്കറ്റ് ഹീറോസിന്റെ പരിശീലകന്‍.

ബിപിസിഎല്‍ ടീമംഗം കിഷോര്‍ കുമാര്‍

ബിപിസിഎല്‍ ടീമംഗം കിഷോര്‍ കുമാര്‍

ഏറെക്കാലം ദേശീയടീം അംഗമായിരുന്ന ഇദ്ദേഹം 2005 മുതല്‍ കോച്ചിംഗ് രംഗത്തുണ്ട്. ആഗോള വോളിബോള്‍ ഫെഡറേഷന്റെ (എഫ്‌ഐവിബി) ലെവല്‍ 1, 2 അംഗീകാരങ്ങളുള്ള ഇദ്ദേഹം എന്‍ഐഎസ് അംഗീകാരവും നേടിയിട്ടുണ്ട്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബ്ലോക്കര്‍മാരിലൊരാളും 40-ാം വയസ്സിലും മികച്ച ഫിറ്റ്‌നസോടെ കളിക്കളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരവുമായ ബിപിസിഎല്‍ ടീമംഗം കിഷോര്‍ കുമാര്‍ ഇ കെയാണ് ടീമിന്റെ മെന്റര്‍. യുഎല്‍ സൈബര്‍പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ബീക്കണ്‍ ഇന്‍ഫോടെകിനു കീഴിലുള്ള ബീക്കണ്‍ സ്‌പോര്‍ട്‌സാണ് കാലിക്കറ്റ് ഹീറോസിന്റെ ഉടമകള്‍. തിരൂരില്‍ ജനിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ മലബാറിലെ മറ്റേതൊരു ആണ്‍കുട്ടിയേയും പോലെ ഫുട്‌ബോള്‍ഭ്രമവുമായി കളിക്കമ്പം തുടങ്ങി ഏറോനോട്ടിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കെ വോളിബോളിലേയ്ക്കു തിരിഞ്ഞ സഫീര്‍ പി ടിയാണ് ബീക്കണ്‍ സ്‌പോര്‍ട്‌സിന്റെ അമരക്കാരന്‍. സ്‌റ്റേജ്പടി എന്ന പ്രദേശിക ക്ലബ്ബുമായാണ് സഫീറിന്റെ വോളിബോള്‍ ജൈത്രയാത്രയുടെ തുടക്കം. 40,000 അധികം ഫോളോവേഴ്‌സ് ഉള്ള വോളിലൈവ് ഗ്രൂപ്പിന്റെ അമരക്കാരിലൊരാള്‍ കൂടിയായ ഇദ്ദേഹം വോളിബോള്‍ കളിക്കാര്‍ നേരിടുന്ന സാമ്പത്തികവെല്ലുവിളികള്‍ കണക്കിലെടുത്താണ് ഫുട്‌ബോള്‍, ക്രിക്കറ്റ് പ്രീമീയര്‍ ലീഗുകള്‍ വരുംമുമ്പു തന്നെ വോളിബോളിന് മലബാറില്‍ കോര്‍പ്പറേറ്റ് പിന്തുണ നല്‍കിയത്.

ബീക്കണ്‍ സ്‌പോര്‍ട്‌സ്

ബീക്കണ്‍ സ്‌പോര്‍ട്‌സ്

ഐടി സംരംഭകനായപ്പോഴും വോളിബോളിനോടുള്ള ആവേശം കെടാതെ സൂക്ഷിച്ച അദ്ദേഹത്തിന്റെ സ്വപ്‌നസാക്ഷാത്കാരം കൂടിയാണ് കാലിക്കറ്റ് ഹീറോസ്. ബീക്കണ്‍ ഇന്‍ഫോടെകിന്റെ മറ്റ് പാര്‍ട്ണര്‍മാരായ ഷംനാസ് വി. കെ., ശ്രീജിത് വേണുഗോപാല്‍, ജഷീര്‍ പി. കെ. എന്നിവരും അദ്ദേഹത്തിന്റെ വോളിബോള്‍ സ്വപ്‌നങ്ങളുടെ പങ്കാളികളാണ്. വോളിബോള്‍ നഗരമെന്ന ഖ്യാതിയുണ്ടായിരുന്ന പട്ടണമാണ് കോഴിക്കോടെന്നും കോഴിക്കോടിന്റെ ആ പ്രശസ്തി തിരിച്ചു പിടിക്കുകയാണ് കാലിക്കറ്റ് ഹീറോസിലൂടെ ലക്ഷ്യമിടുന്നതെന്നും സഫീര്‍ പറഞ്ഞു. വോളിബോളിനു പുറമെ കേരളത്തിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ കായിക വിനോദങ്ങള്‍ക്ക് പിന്തുണയേകുന്ന പദ്ധതികള്‍ക്ക് തുടക്കമിടാനും ബീക്കണ്‍ സ്‌പോര്‍ട്‌സ് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 2-ന് കൊച്ചി രാജീവ് ഗാന്ധി ഇന്റോര്‍ സ്റ്റേഡിയത്തിലാണ് രാജ്യത്തെ ആദ്യ പ്രോ വോളിബോള്‍ ലീഗിന് തുടക്കമാവുക. കൊച്ചിയിലും ചെന്നൈയിലുമായാണ് കളികള്‍ നടക്കുക. കാലിക്കറ്റ് ഹീറോസിനു പുറമെ കൊച്ചി, അഹമ്മദാബാദ്, ചെന്നൈ, ഹൈദ്രാബാദ്, മുംബൈ എന്നിവിടങ്ങളില്‍ പ്രോ വോളി ലീഗില്‍ കൊമ്പുകോര്‍ക്കും. ടീമുകളില്‍ രണ്ട് വിദേശ കളിക്കാരും രണ്ട് അണ്ടര്‍ 21 ദേശീയ ടീമംഗങ്ങളുമുണ്ടാകും. മാച്ചുകള്‍ സോണി സിക്‌സ്, സോണി ടെന്‍ 3 ചാനലുകഗള്‍ സംപ്രേഷണം ചെയ്യും. സോണി ലിവ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ലൈവ് സ്ട്രീമിംഗും ഉണ്ടാകും.

Story first published: Saturday, January 26, 2019, 12:52 [IST]
Other articles published on Jan 26, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+