ജോഹര്‍ ബാറു: മൂന്നാം അണ്ടര്‍ 21 സുല്‍ത്താന്‍ ജോഹര്‍ കപ്പ് ഹോക്കി മത്സരത്തില്‍ ഇന്ത്യ ഫൈനലിലെത്തി. ദക്ഷിണ കൊറിയയെ 6-1 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. ടമാന്‍ ദയ ഹോക്കി സ്‌റേറഡിയത്തില്‍ നടന്ന മത്സരത്തില്‍ ഉഗ്രന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ച വച്ചത്. സുല്‍ത്താന്‍ ജോഹര്‍ കപ്പില്‍ ഇത് വരെയും പരാജയം അറിയാതെയാണ് ഇന്ത്യ ഫൈനല്‍ റൗണ്ടില്‍ എത്തുന്നത്. സെപ്റ്റംബര്‍ 26 വ്യാഴാഴ്ചയാണ് ഇന്ത്യ ദഷിണ കൊറിയയെ പരാജയപ്പെടുത്തിയത്.

ഇംഗ്ളണ്ട് (2-1), അര്‍ജന്റീന (3-2), പാകിസ്താന്‍ (4-0) എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തിയ ശേഷമാണ് സൗത്ത് കൊറിയയോട് ഇന്ത്യ ഏറ്റ് മുട്ടിയത്. മത്സരത്തില്‍ ഇത് വരെ 12 പോയിന്റുകള്‍ ഇന്ത്യ നേടി. സെപ്റ്റംബര്‍ 28 ന് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി. പാകിസ്താനെ പരാജയപ്പെടുത്തിയാണ് മലേഷ്യ ഫൈനല്‍ മത്സരത്തില്‍ എത്തുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ 3-0 ന് ഇന്ത്യ ആധിപത്യം നേടി. ഏഴാം മിനിട്ടില്‍ അമിത് രോഹിദാസ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടി. സത്ബീര്‍ സിംഗ്, തല്‍വീന്ദര്‍ സിംഗ്. അമോണ്‍ മിറാഷ് ടിര്‍ക്കെ, രമണ്‍ദീപ് സിംഗ്, യൂസഫ് അഫാന്‍ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍.