ന്യൂഡല്‍ഹി: ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി ചരിത്രത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ ബോക്സര്‍ അമിത് പംഘല്‍ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 52 കിലോഗ്രാം വിഭാഗത്തിലാണ് അമിത് ഒന്നാം സ്ഥാനത്തെത്തിയത്. ഒരു ഇതാദ്യമായാണ് പതിറ്റാണ്ടിനുശേഷം ഒരു ഇന്ത്യന്‍താരം ഈ നേട്ടത്തിലെത്തുന്നത്. അടുത്തമാസം നടക്കാനിരിക്കുന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായാണ് റാങ്കിങ്.
നേരത്തെ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടി വിജേന്ദര്‍ സിങ് 2009ല്‍ 75 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാം റാങ്കിലെത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റി പുറത്തുവിട്ട റാങ്കിങ്ങില്‍ പംഘലിന് 420 പോയന്റുണ്ട്. ഇത്തരമൊരു നേട്ടത്തില്‍ അത്യധികം സന്തോഷമുണ്ടെന്ന് പംഘല്‍ പറഞ്ഞു. റാങ്കില്‍ ആത്മവിശ്വാസമുയര്‍ത്തും. ഒളിമ്പിക്സ് യോഗ്യത ആദ്യ അവസരത്തില്‍തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അമിത് പറഞ്ഞു.
ടെസ്റ്റിനു മുമ്പ് ടീം ഇന്ത്യക്കു മോഡല്‍ പരീക്ഷ... സന്നാഹത്തിനൊരുങ്ങി കോലിപ്പട, ടീമില്‍ ആരൊക്കെ?
2017 മുതല്‍ ലോക ബോക്സിങ്ങില്‍ മുന്‍നിരക്കാരനാണ് പംഘല്‍. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടി. കഴിഞ്ഞവര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡലും നേടി. ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷ കൂടിയാണ് താരം. വനിതാ വിഭാഗത്തില്‍ 54 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോം അഞ്ചാം സ്ഥാനത്താണ്. 69 കിലോഗ്രാം വിഭാഗത്തില്‍ ലൗലിന ബോര്ഗോഹെയ്ന് മൂന്നാം റാങ്കിലുണ്ട്.