ദില്ലി: ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള സിപിഎം നേതാവ് പികെ ബിജുവിന്റെ തിരഞ്ഞെടുപ്പ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. അടാട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പിഎ ശേഖരനാണ്, അഡ്വക്കേറ്റ് സുള്‍ഫീക്കര്‍ അലി മുഖേന അപ്പീല്‍ നല്‍കിയത്.
അമ്മ പുലയ സമുദായത്തില്‍ ജനിച്ചതായതിനാല്‍ ബിജു പുലയ സമുദായക്കാരനാണെന്ന ഹൈക്കോടതി വിധി ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് നിലവിലുള്ള വ്യക്തിനിയമങ്ങള്‍ പ്രകാരം അച്ഛന്റെ ജാതിയേ മക്കള്‍ക്ക് ലഭിയ്ക്കൂവെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ഇക്കാര്യം സുപ്രീം കോടതി തന്നെ പലപ്പോഴും ശരിവെച്ചിട്ടുള്ളതാണ്. ക്രിസ്ത്യാനിയായ അച്ഛന് ജനിച്ച ബിജു ക്രിസ്ത്യാനിയാണ്. ബിജുവിന്റെ അച്ഛനും അമ്മയും മിശ്രവിവാഹിതരാണ്. പ്രഖ്യാപിത കമ്മ്യൂണിസ്റ്റുകാരനായ ബിജു, പട്ടികവിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്കു വേണ്ടിയാണ് മതംമാറിയതെന്നും ഹര്ജിക്കാരന് ആരോപണമുയര്‍ത്തിയിട്ടുണ്ട്.